ന്യൂഡൽഹി: എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ജയം പ്രഖ്യാപിക്കുമ്പോളും ബിജെപി-ജെഡിയു സഖ്യം തന്നെ ഇത്തവണയും ബിഹാറിൽ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി വക്താവായ സയ്യിദ് സഫർ അസ്ലം പറഞ്ഞു. എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് ബൂത്ത് ലെവൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതിനാൽ ദേശീയ ഡെമോക്രാറ്റിക് അലയൻസ് വലിയ വിജയമുണ്ടാക്കുമെന്നും ബിജെപി വക്താവ് പറഞ്ഞു. എക്സിറ്റ് പോളിനെതിരെ താൻ ഒന്നും പറയുന്നില്ലെന്നും എന്നാൽ വീടു വീടാന്തരം പോകുന്ന ബൂത്ത് ലെവൽ പ്രവർത്തകരിൽ നിന്നുള്ള റിപ്പോർട്ടുകൾ ഇക്കാര്യത്തിൽ കൃത്യമായ കണക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“ബിഹാറിൽ ഏകദേശം 12 കോടി വോട്ടർമാരുണ്ട്, എക്സിറ്റ് പോൾ ഏജൻസികളുടെ സാമ്പിൾ വലുപ്പം വളരെ വലുതല്ല, അതിനാൽ 48 മണിക്കൂർ മാത്രം അകലെയുള്ള വോട്ടെണ്ണൽ ദിവസം ഞങ്ങൾക്ക് തകർപ്പൻ വിജയമുണ്ടാകുമെന്നും എൻഡിഎ എളുപ്പത്തിൽ ജനകീയ സർക്കാരുണ്ടാക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് ദിവസത്തേക്ക് ലാലു കുടുംബത്തിന് സന്തോഷമായിരിക്കാമെന്നും എന്നാൽ നവംബർ 10 ന് ഫലം വരുമ്പോൾ അവർ എൻഡിഎ നേതാക്കളെ അഭിനന്ദിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംമ്പർ 7നാണ് 243 സീറ്റുകളിലേക്കുള്ള ബിഹാർ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടവും അവസാനിച്ചത്. നവംമ്പർ 10ന് വോട്ടെണ്ണൽ ആരംഭിക്കും.