ന്യൂഡല്‍ഹി: വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനായ സൂമിനെ കുറിച്ച് നാഷണല്‍ കമ്മിഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് (എന്‍.സി.പി.സി.ആര്‍) റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീം (സി.ഇ.ആര്‍.ടി)യോടാണ് പ്രതികരണം ആവശ്യപ്പെട്ടത്.
ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്തെ പല സ്കൂളുകളും ഓണ്‍ ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിന് സൂം ആപ്പ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ആഗോള തലത്തില്‍ സൂം ആപ്പിന്‍റെ സുരക്ഷ ചോദ്യ ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പ്രതികരണം ആവശ്യപ്പെട്ടത്. ആക്ടിവിസ്റ്റായ അഭിഷേക് രാജന്‍ നല്‍കിയ പരാതിയിലാണ് നടപടി. സൈബര്‍ സുരക്ഷയിലെ പാളിച്ചകള്‍ കാരണം അമേരിക്ക, സിംഗപ്പൂര്‍, ജര്‍മ്മനി, തായ് വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സൂം ആപ്പ് നിരോധിച്ചിരിക്കുകയാണ്.
നിലവില്‍ രാജ്യത്തെ പല സ്കൂളുകളും ആപ്പ് ഉപയോഗിച്ച് കുട്ടികള്‍ക്ക് ഓണ്‍ ലൈന്‍ ക്ലാസുകള്‍ നല്‍കുന്നുണ്ട്. ഇത് നല്ല കാര്യമാണ്. എന്നാല്‍ സൂം ആപ്പ് ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്നും രാജന്‍ എന്‍.സി.പി.സി.ആറിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം ഏപ്രില്‍ രണ്ടിന് ഓണ്‍ലൈന്‍ സുരക്ഷക്കായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് സി.ഇ.ആര്‍.ടി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. കുട്ടികളുടെ സുരക്ഷയും അവരുടെ സ്വകാര്യതയും സംരക്ഷിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചായിരുന്നു നിര്‍ദ്ദേശങ്ങള്‍. ഏപ്രില്‍ 10ന് ഓണ്‍ലൈന്‍ സുരക്ഷയെ കുറിച്ച് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സ്കൂളുകള്‍ക്കും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഏപ്രില്‍ 10 ന് യൂണിവേഴ്സിറ്റികള്‍ക്കും മാര്‍ഗ നിര്‍ദ്ദേങ്ങള്‍ നല്‍കിയതായി സി.ഇ.ആര്‍.ടി പ്രതികരിച്ചു.