മുംബൈ: ശരദ് പവാറിന്‍റെ സുരക്ഷ പിൻവലിച്ചതായി എൻസിപി. ഇത്തരം നീക്കത്തിലൂടെ പാർട്ടി നേതാക്കളെ ഭയപ്പെടുത്താനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കുമെതിരായ പാർട്ടി പോരാട്ടം തുടരുമെന്നും മഹാരാഷ്ട്ര മന്ത്രിയും എൻസിപി വക്താവുമായ നവാബ് മാലിക്.
രാജ്യസഭാ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ പവാറിന് ദേശീയ തലസ്ഥാനത്ത് 'വൈ' കാറ്റഗറി സുരക്ഷാ പരിരക്ഷയുണ്ട്. ദേശീയ തലസ്ഥാനത്തെ ജനപഥിലെ പവാറിന്‍റെ വസതിയിൽ വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്ഥർ ജനുവരി 20മുതൽ ബംഗ്ലാവിൽ റിപ്പോർട്ട് ചെയ്യുന്നത് നിർത്തിവച്ചു. ഇതിനെക്കുറിച്ച് സർക്കാരിൽ നിന്ന് മുൻകൂട്ടി ഒരു അറിയിപ്പും ഉണ്ടായിരുന്നില്ലെന്ന് മാലിക് ആരോപിച്ചു. മഹാരാഷ്ട്രയിലെ അധികാരമാറ്റത്തില്‍ ബിജെപി പ്രതികാരത്തോടെയാണ് പെരുമാറുന്നതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ജലവിഭവ മന്ത്രി കൂടിയായ സംസ്ഥാന എൻസിപി പ്രസിഡന്‍റ് പാട്ടീൽ ട്വീറ്റ് ചെയ്തു. കഴിഞ്ഞ നവംബറിൽ മഹാരാഷ്ട്രയിൽ ത്രിരാഷ്ട്ര ഭരണ സഖ്യം രൂപീകരിക്കുന്നതിൽ പവാർ മുഖ്യ പങ്കുവഹിച്ചിരുന്നു. ഭരണകക്ഷിയായ മഹാ വികാസ് അഖാഡിയുടെ മൂന്നാമത്തെ ഘടകമാണ് കോൺഗ്രസ്.