മുംബൈ: സേവാദള്‍ ലഘുലേഖയിലെ നാഥുറാം ഗോഡ്‌സെ-സവര്‍ക്കര്‍ പരാമര്‍ശങ്ങളില്‍ എതിര്‍പ്പുമായി എന്‍സിപി. മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയും സവര്‍ക്കറും സ്വവര്‍ഗാനുരാഗത്തില്‍ ആയിരുന്നെന്ന അവകാശവാദമുന്നയിച്ച ലഘുലേഖ പിന്‍വലിക്കണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു. പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ വ്യക്തികളോട് ഉണ്ടാകാം. പക്ഷേ ജീവിച്ചിരിപ്പില്ലാത്ത ഒരാള്‍ക്കെതിരെ ഇത്തരമൊരു വാദം ഉന്നയിക്കുന്നത് തെറ്റാണെന്ന് മുഖ്യ വക്താവ് നവാബ് മാലിക് പറഞ്ഞു.
'വീര്‍ സവര്‍ക്കര്‍,കിത്നെ വീര്‍?' എന്ന പേരിലുള്ള ലഘുലേഖ കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയായ സേവാദളിന്‍റെ പരിശീലന ക്യാംപിലാണ് വിതരണം ചെയ്തത്. സവര്‍ക്കറുടെ ദേശ സ്നേഹത്തേയും യോഗ്യതയേയും ലഘുലേഖയില്‍ ചോദ്യം ചെയ്യുന്നുണ്ട്. ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ നിന്ന് മോചിതനായ ശേഷം സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍ നിന്ന് പണം സ്വീകരിച്ചെന്നും ആരോപണമുണ്ട്. അതേസമയം പരമാര്‍ശങ്ങള്‍ക്കെതിരെ ശിവസേനയും രംഗത്തെത്തിയിരുന്നു. സവര്‍ക്കര്‍ മഹാനായ വ്യക്തിയാണെന്നും എല്ലാ കാലത്തും അത് അങ്ങനെതന്നെ തുടരുമെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ഇതിനിടെ ലഘുലേഖ പിന്‍വലിക്കാന്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിന് ധൈര്യമുണ്ടോയെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വെല്ലുവിളിച്ചിരുന്നു. നിരന്തരം സവര്‍ക്കറെ അപമാനിക്കുന്ന കോണ്‍ഗ്രസുമായി അധികാരം പങ്കിടണമോയെന്ന് ഉദ്ധവ് താക്കറെ തീരുമാനിക്കണമെന്നും ഫഡ്‌നാവിസ് പറഞ്ഞു.