ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ബെംഗളൂരു സെൻട്രൽ ജയിലിലെത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ബിനീഷിനെ ബെംഗളൂരു സെഷൻസ് കോടതി നവംബർ 20 വരെ എൻസിബിയുടെ കസ്റ്റഡിയിൽ വിട്ടു. മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യാനായി ബിനീഷിനെ അന്വേഷണ സംഘം എൻസിബി ഓഫിസിലേക്ക് കൊണ്ടുപോയി. ബിനീഷിനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് എൻസിബിയുടെ അഭിഭാഷകൻ ഇന്നലെ കോടതിയെ സമീപിച്ചിരുന്നു. എൻഫോഴ്‌സ്‌മെന്‍റ് കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് എൻസിബിയുടെ നടപടി.
ബെംഗളൂരുവിലെ കല്യാൺ നഗറിലെ റോയൽ സ്യൂട്ട് അപ്പാർട്ട്‌മെന്‍റിൽ അനൂപ് മുഹമ്മദിനൊപ്പം ബിനീഷും മയക്കുമരുന്ന് ഉപയോഗിച്ചതായി എയർലൈൻ കമ്പനി ജീവനക്കാരൻ സോനെറ്റ് ലോബോ ഇ.ഡിയോട് പറഞ്ഞിരുന്നു. അനൂപും സോനെറ്റും 205, 206 മുറികളിലാണ് താമസിച്ചിരുന്നത്. അനൂപിനെ ബിനീഷ് നിരന്തരം സന്ദർശിച്ചിരുന്നതായും ഇയാൾ ഉദ്യോഗസ്ഥരെ അറിയിച്ചു.