മേഘാലയിലെ ജൈന്‍റിയ മലനിരയിലെ ഖനിക്കുള്ളിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള തെരച്ചില്‍ അവസാനിപ്പിക്കാന്‍ നാവികസേനയും കരസേനയും തീരുമാനിച്ചു. കഴിഞ്ഞ അറുപത് ദിവസമായി തുടരുന്ന തെരച്ചിലിൽ കാര്യമായ ഫലങ്ങൾ ലഭിക്കാതെ വന്നതോടെയാണ് സേനകളുടെ പിന്മാറ്റം. 370 അടി താഴ്ചയുള്ള ഖനിക്കുള്ളിൽ 15 തൊഴിലാളികളാണ് അകപ്പെട്ടത്. ഇതിൽ അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയെങ്കിലും രണ്ട് പേരുടേത് മാത്രമാണ് പുറത്തെടുക്കാൻ സാധിച്ചത്.
ഡിസംബർ പതിമൂന്നിനാണ് ഖനിക്കുള്ളിൽ തൊഴിലാളികൾ അകപ്പെട്ടത്. ദുരന്ത നിവാരണ സേനയുടെ ആവശ്യപ്രകാരം ഡിസംബർ 31നാണ് നാവികസേനയും കരസേനയും തെരച്ചിലിനായി രംഗത്തെത്തിയത്. തുടർന്ന് അത്യാധുനിക യന്ത്രങ്ങളുപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കാണാതായ 15 തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ജില്ലാ അതോറിറ്റി നൽകിയിരുന്നു.
രണ്ട് മാസത്തിലധികം നീണ്ടു നിന്ന തെരച്ചിലിൽ പങ്കെടുത്ത സേനാ വിഭാഗങ്ങള്‍ക്ക് ജില്ലാ ഭരണകൂടം നന്ദി രേഖപ്പെടുത്തി. രാജ്യത്തെ ഏറ്റവും കൂടുതൽ കാലം നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങളിലൊന്ന് കൂടെയായിരുന്നു മേഘാലയിലെ തെരച്ചില്‍.