ന്യൂഡല്‍ഹി: നാവിക സേനയുടെ കപ്പല്‍ ഐഎൻഎസ് ജലാശ്വ 588 ഇന്ത്യക്കാരുമായി മാലി ദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. ഓപ്പറേഷൻ സമുദ്ര സേതുവിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായാണ് മാലിദ്വീപില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കുന്നത്. വെള്ളിയാഴ്‌ച മാലി തുറമുഖത്ത് പ്രവേശിച്ച കപ്പൽ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിരുന്ന പൗരന്മാരുമായി യാത്ര തിരിച്ചതായി അധികൃതര്‍ അറിയിച്ചു.
മെയ് 12ന് ജലാശ്വ 698 ഇന്ത്യൻ പൗരന്മാരെ മാലിയില്‍ നിന്ന് കൊച്ചിയിലേക്ക് വിജയകരമായി എത്തിച്ചിരുന്നു. നാവിക സേനയുടെ ഐഎൻഎസ് മഗറും മാലദ്വീപിൽ നിന്ന് 23 സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്ന 202 പേരുടെ സംഘത്തെ കൊച്ചിയിലെത്തിച്ചിരുന്നു. കേന്ദ്ര സർക്കാർ തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ (എസ്ഒപി) അനുസരിച്ചാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നത്. കപ്പലുകളില്‍ അണുബാധ ഇല്ലാതാക്കുന്നതിനുള്ള എല്ലാ മുൻകരുതലുകളും ക്രൂവിനുള്ള കപ്പൽ പ്രോട്ടോക്കോളുകൾക്കുമൊപ്പം ഉറപ്പാക്കിയിട്ടുണ്ട്.
മാലിദ്വീപ്, മൗറീഷ്യസ്, സീഷെൽസ്, മഡഗാസ്‌കർ, കൊമോറോസ് എന്നിവിടങ്ങളിലേക്ക് ഭക്ഷണസാധനങ്ങൾ, കൊവിഡ് അനുബന്ധ മരുന്നുകൾ, ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളികകൾ, ആയുര്‍വേദ മരുന്നുകൾ തുടങ്ങിയവ എത്തിക്കുന്നതിനായി മെഡിക്കല്‍ ടീമുമായി ഇന്ത്യൻ നാവിക സേനയുടെ കപ്പൽ കേസരി പുറപ്പെട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി നടത്തുന്ന ഈ ദൗത്യത്തിന് മിഷൻ സാഗര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കൊവിഡ്19 പകർച്ച വ്യാധിയും അതിന്‍റെ ബുദ്ധിമുട്ടുകളും നേരിടുന്ന മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയും വളർച്ചയും സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായിട്ടാണ് മിഷൻ സാഗർ ദൗത്യം. അയൽ രാജ്യങ്ങളെ സഹായിക്കുക വഴി അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹാർദപരമായ ബന്ധം എടുത്തു കാട്ടുകയും ചെയ്യുമെന്ന് നാവികസേന വക്താവ് കമാൻഡർ വിവേക് മാധ്‌വാൾ പറഞ്ഞു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളും കേന്ദ്ര ഗവൺമെന്‍റിന്‍റെ മറ്റ് ഏജൻസികളുമായും സഹകരിച്ചാണ് മിഷൻ സാഗർ ദൗത്യം നടപ്പാക്കുന്നത്.