അഹമ്മദാബാദ്: ഇന്ത്യയില്‍ ആദ്യമായി സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാനുള്ള വിപുലമായ തയാറെടുപ്പുകളാണ് രാജ്യത്ത് പുരോഗമിക്കുന്നത്. ഫെബ്രുവരി 24നാണ് ട്രംപ് അഹമ്മദാബാദിലെത്തുന്നത്.
22 കിലോമീറ്റര്‍ റോഡ് ഷോ
അഹമ്മദാബാദ് മുനിസിപ്പാലിറ്റിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ റോഡ് ഷോയ്‌ക്കാണ് നഗരം തയാറെടുക്കുന്നത്. എല്ലാ മത - ജാതി വിഭാഗങ്ങളിലും ഉള്‍പ്പെട്ട മൂന്നൂറ് ആളുകള്‍ റോഡ് ഷോയില്‍ ട്രംപിനെയും, നരേന്ദ്ര മോദിയെയും അനുഗമിക്കും. പരമ്പരാഗത വസ്‌ത്രങ്ങള്‍ ധരിച്ചായിരിക്കും ആളുകള്‍ അണിനിരക്കുക. ഒപ്പം ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരുടെ പ്രകടനങ്ങളും റോഡ് ഷോയ്‌ക്ക് നിറം പകരും. ആകെ അമ്പതിനായിരത്തോളം ആളുകളും റോഡ് ഷോയില്‍ പങ്കെടുക്കും. അഹമ്മദാബാദ് വിമാനത്താവളം മുതല്‍ സബര്‍മതി ആശ്രമം വരെയാണ് റോഡ് ഷോ.
ക്രിക്കറ്റ് സ്‌റ്റേഡിയം ഉദ്‌ഘാടനം
അഹമ്മദാബാദില്‍ പുതുതായി നിര്‍മിച്ച ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഡൊണാള്‍ഡ് ട്രംപും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ഉദ്‌ഘാടനം ചെയ്യും. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പേരില്‍ നിര്‍മിച്ചിരിക്കുന്ന സ്‌റ്റേഡിയത്തില്‍ 1.10 ലക്ഷം പേര്‍ക്ക് ഇരുന്ന് മത്സരം കാണാം. ഇവിടെ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഒരു ലക്ഷം ആളുകള്‍ പങ്കെടുക്കുമെന്നാണ് കണക്ക് കൂട്ടല്‍
വഴികള്‍ മനോഹരമാക്കാന്‍ ഒരു ലക്ഷം വൃക്ഷത്തൈകള്‍
വിമാനത്താവളം മുതല്‍ സബര്‍മതി ആശ്രമം വരെയുള്ള 22 കിലോമീറ്റര്‍ വഴിയുടെ വക്കില്‍ ഒരു ലക്ഷത്തോളം വൃക്ഷത്തൈകളാണ് നടുന്നത്. നാല് ലക്ഷം രൂപ ചിലവുള്ള പദ്ധതിക്ക് അഹമ്മദാബാദ് മുനിസിപ്പാലിറ്റിയാണ് നേതൃത്വം നല്‍കുന്നത്. ഒപ്പം പുതിയ അഴുക്കുചാലുകള്‍ അടക്കം നിര്‍മിച്ച് റോഡുകളും മോഡി പിടിപ്പിക്കുന്നുണ്ട്.