മുംബൈ: ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്‍റ് ജെ.പി നദ്ദ ബുധനാഴ്ച മഹാരാഷ്ട്രയിലെ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്രയിൽ ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദ്യമായാണ് കൂടിക്കാഴ്ച്ച.
2014 ൽ സ്വന്തമായി 122 സീറ്റുകൾ നേടിയ ബിജെപി 2019 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ശിവസേനയുമായി സഖ്യം ചേര്‍ന്ന് 105 സീറ്റുകൾ നേടിയിരുന്നു. ശേഷം ബി.ജെ.പിയുമായുള്ള ബന്ധം സേന ഉപേക്ഷിച്ചു. ഇതോടെയാണ് എൻസിപിയും കോൺഗ്രസും സേനയും ചേര്‍ന്ന് സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിച്ചത്.
പാർട്ടിയുടെ നിരാശാജനകമായ പ്രകടനത്തിന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും അദ്ദേഹത്തിന്‍റെ അടുത്ത അനുയായികളെയും ബിജെപി മുതിർന്ന നേതാവ് ഏകനാഥ് ഖാഡ്‌സെ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു . ഖാദ്സെ ഉൾപ്പെടെയുള്ളവരുടെ സിറ്റിംഗ് സീറ്റ് നിഷേധിച്ച ബിജെപി മുൻ മന്ത്രിമാർക്ക് വോട്ടെടുപ്പിൽ മത്സരിക്കാന്‍ അവസരം കൊടുത്തിരുന്നില്ല.