ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വിഐപികള്‍ക്കെതിരെ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ എത്തിയ രണ്ട് ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യാന്വേണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥനത്തില്‍ തിങ്കളാഴ്ചയാണ് തീവ്രവാദികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കശ്മീരിലെ ബാരമുള്ള സ്വദേശിയായ അബ്ദുല്‍ ലത്തീഫ് മിര്‍ (22), കുപ്വാര ജില്ലക്കാരനായ മൊഹദ് അഷ്റഫ് കത്ന (20) എന്നിവരാണ് നിലവില്‍ പിടിയിലായതെന്നാണ് ദേശീയ വാര്‍ത്താ എജന്‍സി പുറത്ത് വിടുന്ന വിവരം. സരയ് കലി ഖാനില്‍ വച്ചാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് സെമി ഓട്ടോമാറ്റിക്ക് റൈഫിളുകളും ഇവരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഇവര്‍ക്കൊപ്പമുള്ള ചിലര്‍ നഗരത്തിന്‍റെ മറ്റ് കേന്ദ്രങ്ങളില്‍ ഉള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ജമ്മുകശ്മിരിലും ഡല്‍ഹിയിലും അടക്കം പ്രധാന കേന്ദ്രങ്ങളിലെല്ലാം സേന തിരിച്ചില്‍ ശക്തമാക്കി. പ്രത്യേക അന്വേഷണ സംഘവും രഹസ്യാന്വേഷണ സംഘവും പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ തലസ്ഥാനത്ത് നടത്താന്‍ ഉദ്ദേശിച്ച പദ്ധതികളെ കുറിച്ചാണ് പ്രധാനമായും സംഘം അന്വേഷിക്കുന്നത്. മുന്‍പ് ഇരുവരും പാക് അധീന കശ്മീരിലേക്ക് കടക്കാനായി ശ്രമിച്ചിരുന്നു. എന്നാല്‍ അതിര്‍ത്തിയിലെ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ കാരണം അതിർത്തി കടക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രതികള്‍ അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയില്‍ ആക്രമണം നടത്തിയ ശേഷം പാക് അധീന കശ്മീല്‍ വഴി നേപ്പാളിലേക്ക് രക്ഷപെടാനായിരുന്നു ഇരുവരുടേയും പദ്ധതി. അതിനിടെ ഓഗസ്റ്റില്‍ സുരക്ഷാ സേന ഐഎസ്ഐഎസ് ഭീകരനായ മുഷ്താക്ക് ഖാനെ ഡല്‍ഹയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഏകനായി ആക്രമണം നടത്തുകയായിരുന്നു ഇയാളുടെ പദ്ധതി. ഇയളില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കശ്മീര്‍ ,അയോധ്യ, ഡല്‍ഹി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ വിഐപികള്‍ക്ക് വലിയ തരത്തിലുള്ള സുരക്ഷയാണ് സേന ഒരുക്കിയിരിക്കുന്നത്.