ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലില്‍ എട്ട് കുടിയേറ്റ തൊഴിലാളികളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ദുരൂഹത ഉയര്‍ത്തുന്നു. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞതിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പശ്ചിമ ബംഗാളില്‍ നിന്നുള്ള കുടുംബത്തിലെ ആറ് പേരും ബീഹാറില്‍ നിന്നുള്ള രണ്ടാളും ഒരു പ്രദേശവാസിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്‌ച ഗോരെകുണ്ഡ ഗ്രാമത്തിലെ കിണറ്റില്‍ നിന്ന് നാല് മൃതദേഹങ്ങളും വെള്ളിയാഴ്‌ച അഞ്ച് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഈ മൃതദേഹങ്ങളിലൊന്നും തന്നെ ശരീരത്തില്‍ പരിക്ക് പറ്റിയതായി കണ്ടെത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.
വാറങ്കിലെ തുന്നല്‍ കടയില്‍ ജോലി ചെയ്‌തിരുന്ന മുഹമ്മദ് മഖ്‌സൂദ്(56), ഭാര്യ നിഷ(48),മകള്‍ ബുഷ്‌റ(24), പേരക്കുട്ടി(3) എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്‌ച കണ്ടെത്തിയത്. മഖ്‌സൂദിന്‍റെ മകന്‍ ഷബാസ്(21) ,സുഹൈല്‍ (20) , ബീഹാര്‍ സ്വദേശികളായ സുഹൈല്‍(20), ശ്രീറാം(35), പ്രദേശവാസിയായ ഷക്കീല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്‌ച കണ്ടെത്തിയത്. കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മരിച്ചവരുടെ ഫോണ്‍ കോളുകള്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്. മസ്‌ഖൂദ് ചെറുമകന്‍റെ പിറന്നാളാഘോഷം നടത്തിയിരുന്നു. മകള്‍ ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. മകള്‍ക്ക് പ്രദേശവാസിയുമായി ബന്ധം ഉണ്ടായിരുന്നെന്നും ഇത് കലഹത്തിന് കാരണമായേക്കാമെന്നും പൊലീസ് പറയുന്നു. ഡോഗ് സ്ക്വാഡും മറ്റ് വിദഗ്‌ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.