ന്യൂഡൽഹി: ബിഹാറിലെ മുസാഫർപൂരിലെ അഭയകേന്ദ്രത്തിൽ മുപ്പതിലധികം പെൺകുട്ടികള്‍ പീഡനത്തിനിരായ കേസിൽ മുഖ്യ പ്രതിയായ മുൻ എംഎൽഎ ബ്രജേഷ് താക്കൂറിന് ജീവപര്യന്തം തടവ് ശിക്ഷ. ഡൽഹി വിചാരണ കോടതിയുടേതാണ് വിധി. താക്കൂറിന് ജീവിതാവസാനം വരെയാണ് തടവ് ശിക്ഷ. കേസിൽ 19 പ്രതികൾ കുറ്റകാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ബിഹാര്‍ പീപ്പിള്‍സ് പാര്‍ട്ടി മുന്‍ എംഎല്‍എയായ ബ്രജേഷ് താക്കൂര്‍ നടത്തിയിരുന്ന അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തെന്നാണ് കേസ്. എട്ട് സ്ത്രീകളും 12 പുരുഷന്മാരുമടങ്ങുന്ന സംഘത്തെയാണ് പൊലീസ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നത്. 2018 മെയ് 26ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നും ബിഹാര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് അഭയകേന്ദ്രത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പീഡനം ആദ്യമായി പുറത്തുവന്നത്. 2018 മെയ് 29ന് ബിഹാര്‍ സര്‍ക്കാര്‍ പെണ്‍കുട്ടികളെ അഭയകേന്ദ്രത്തില്‍ നിന്നും സുരക്ഷിത താമസ സ്ഥലങ്ങളിലേക്ക് മാറ്റി. നവംബര്‍ 28ന് കേസ് സിബിഐ ഏറ്റെടുത്തു.