ലഖ്‌നൗ: സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്ന ഭാര്യയോട് ഭര്‍ത്താവിന് ജീവനാംശം നല്‍കാന്‍ യുപിയിലെ മുസാഫര്‍നഗര്‍ കോടതി ഉത്തരവ്. ചായക്കട തൊഴിലാളിയായ കിഷോരി ലാല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുസാഫര്‍നഗറിലെ കുടുംബ കോടതിയില്‍ നല്‍കിയ പരാതിയിലാണ് കോടതി തീര്‍പ്പ് കല്‍പ്പിച്ചത്. കാണ്‍പൂര്‍ സ്വദേശിയായ മുന്നി ദേവിയെ 30 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കിഷോരി ലാല്‍ സൊഹുന്‍കാര്‍ വിവാഹം കഴിക്കുന്നത്. എന്നാല്‍ ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 10 വര്‍ഷമായി ഇരുവരും പിരിഞ്ഞ് ജീവിക്കുകയായിരുന്നു. കാണ്‍പൂരിലെ ഇന്ത്യന്‍ സേനയിലെ ക്ലാസ് IV ജീവനക്കാരിയായ മുന്നി ദേവിക്ക് 12,000 രൂപ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്.
മുന്നി ദേവിയുടെ പെന്‍ഷന്‍ തുകയില്‍ നിന്നും 2,000 രൂപ വീതം എല്ലാ മാസവും കിഷോരി ലാലിന് ജീവനാംശം നല്‍കാനാണ് കോടതി ഉത്തരവ്. എന്നാല്‍ കോടതി ഉത്തരവില്‍ തൃപ്‌തനല്ലെന്ന് കിഷോരി ലാല്‍ പറഞ്ഞു. കടുത്ത ദാരിദ്രത്തെ തുടര്‍ന്നാണ് ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
കേസ് നല്‍കി വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വിധി വരുന്നത്. ലോണെടുത്താണ് കേസ് നടത്തിയതെന്നും. ലോക്ക്‌ഡൗണ്‍ സമയത്ത് രോഗബാധിതനായ താന്‍ പലയിടത്ത് നിന്നും കടം വാങ്ങിയാണ് ചികിത്സ നടത്തിയതെന്നും കിഷോരി ലാല്‍ പറഞ്ഞു. ഇരുവരും ഒന്നിച്ച് ജീവിക്കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും മുന്നി ദേവി സമ്മതിച്ചിട്ടില്ലെന്നും ഇരുവരും ഇതുവരെ ഔദ്യോഗികമായി വിവാഹ മോചിതരല്ലെന്നും കിഷോരി ലാലിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.