ഡെറാഡൂൺ: മുസോറി, മനോഹരമായ മലനിരകളുടെ നാട്. ബ്രിട്ടീഷ് ഭരണത്തിന്‍റെ ഓർമകളും ചരിത്ര പ്രാധാന്യവും മുസോറിയെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നുണ്ട്. ഒരു ഹില്‍ സ്റ്റേഷനായി മുസോറി മാറിയതിന് പിന്നില്‍ ബ്രിട്ടീഷുകാരുടെ ഇടപെടലുണ്ട്. ചരിത്രവും പാരമ്പര്യവും ഇഴചേരുന്ന നിരവധി കഥകൾ കൂടി മുസോറിക്ക് പറയാനുണ്ട്. മുസോറിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗൺഹില്ലിനെ കുറിച്ചുള്ള കഥ പറയാം.
ഒരു വാച്ച് സ്വന്തമാക്കുക എന്നുള്ളത് സമ്പന്നതയുടെ അടയാളമായിരുന്ന കാലഘട്ടത്തെ കുറിച്ചാണ് ഈ കഥ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് ഇവിടുത്തെ ചില പ്രമുഖ വ്യക്തികള്‍ക്ക് മാത്രമാണ് സ്വന്തമായി വാച്ച് ഉണ്ടായിരുന്നത്. പക്ഷേ സമയം എല്ലാ ദിവസവും കൃത്യമായി സെറ്റു ചെയ്യണം. അതിനായി ബ്രിട്ടീഷുകാര്‍ ഒരു വഴി കണ്ടെത്തി.
പട്ടണത്തിലെ ഹൃദയ ഭാഗത്ത് ഒരു കുന്നിന്‍ മുകളില്‍ സ്ഥാപിച്ചിരുന്ന പീരങ്കി ഓരോ മണിക്കൂറിലും പുല്ലു കൊണ്ടുണ്ടാക്കിയ പന്തുകള്‍ വര്‍ഷിക്കും. അതിനനുസരിച്ച് ജനങ്ങള്‍ തങ്ങളുടെ വാച്ചുകള്‍ ക്രമപ്പെടുത്തുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഒരു വിചിത്രമായ സംഭവത്തോടെ ആ പ്രത്യേക പതിവ് അവസാനിച്ചു. പീരങ്കി തുപ്പിയ ഒരു പന്ത് പട്ടണത്തിലെ ഒരു ബ്രിട്ടീഷ് വനിതയുടെ ദേഹത്ത് പതിച്ചതോടെ അത് വലിയ കോലാഹലമായി മാറി. അതോടെ ആ പാരമ്പര്യ രീതി അവസാനിക്കുകയും ചെയ്തു. പക്ഷേ പീരങ്കി ഇല്ലെങ്കിലും ഗണ്‍ഹില്‍ എന്ന പേരില്‍ ഇവിടം അറിയപ്പെടാൻ തുടങ്ങി. പീരങ്കിക്ക് പിന്നിലെ കഥകള്‍ ജനങ്ങള്‍ ഇപ്പോഴും ഓര്‍ത്തെടുക്കാറുണ്ട്. പക്ഷെ കഥകളും, ഗൺ ഹില്ലുമായി ബന്ധപ്പെട്ട സങ്കല്‍പ്പങ്ങളും എല്ലാം ക്രമേണ ജനങ്ങള്‍ മറന്നു തുടങ്ങിയിരിക്കുന്നു. നമ്മുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളും അതിന്‍റെ ചരിത്രവും വിസ്‌മൃതിയിലേക്ക് മറയുകയാണ്. അവയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഭരണകൂടങ്ങൾക്കുണ്ട്. പ്രകൃതി ഭംഗിയും ചരിത്രവും പരിഗണിച്ചുകൊണ്ടാകണം ഓരോ വിനോദസഞ്ചാര കേന്ദ്രവും സംരക്ഷിക്കപ്പെടേണ്ടത്.