ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള മുസ്ലിം വിശ്വാസികള്‍ക്ക് ഹജ്ജ് തീർഥാടനത്തിനുള്ള സാധ്യത കുറവെന്ന് റിപ്പോർട്ട്. ഹജ്ജ് തീർഥാടനത്തിൽ സൗദി അറേബ്യയുടെ നിലപാട് അറിഞ്ഞതിന് ശേഷം കേന്ദ്ര സർക്കാരാണ് അവസാന തീരുമാനം എടുക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഹജ്ജ് തീർഥാടനത്തിന് ആഴ്‌ചകൾ മാത്രം ബാക്കിനിൽക്കെ സൗദി അറേബ്യ വിഷയത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് ഇന്ത്യൻ ഹജ്ജ് കമ്മിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സൗദി അറേബ്യയിലെ കൊവിഡ് കേസുകൾ വർധിക്കുകയാണെന്നും ആവശ്യമായ തയ്യാറെടുപ്പുകൾ എടുത്തുവെങ്കിലും സൗദി അറേബ്യ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സൗദി അറേബ്യയിൽ 95,000 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 600ലധികം പേർ രോഗം മൂലം മരിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു.