ന്യൂഡല്‍ഹി: അയോധ്യ കേസില്‍ ഉടന്‍ വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനപ്പെട്ട മുസ്ലീം സംഘടനകള്‍ ഇന്നലെ യോഗം ചേര്‍ന്നു. അഖിലേന്ത്യാ മുസ്ലീം മജ്‌ലിസ് ഇ-മുശവറ അധ്യക്ഷന്‍ നവീദ് ഹമീദ് വിളിച്ച് ചേര്‍ത്ത യോഗം അടച്ചിട്ട മുറിയില്‍ വെച്ചാണ് നടന്നത്. അയോധ്യ കേസില്‍ വിധി എന്താണെങ്കിലും അത് ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുമെന്ന് സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
ജംയ്യത്തുല്‍ ഉലമ-ഇ-ഹിന്ദ് പ്രസിഡന്‍റ് അർഷാദ് മദനി, മുൻ ദേശീയ ന്യൂനപക്ഷ കമ്മിഷൻ ചെയർപേഴ്‌സൺ വജാത്ത് ഹബീബുല്ല, മുൻ എം.പി ഷാഹിദ് സിദ്ദിഖി, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രസിഡന്‍റ് സഅ്ദത്തുല്ല ഹുസൈനി, പാർലമെന്‍റ് അംഗങ്ങളായ ഡോ. ജാവേദ്, ഇമ്രാൻ ഹസൻ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അയോധ്യ കേസില്‍ സുപ്രീംകോടതി വിധിയെ രാജ്യത്തെ എല്ലാ ജനങ്ങളും അംഗീകരിക്കണമെന്നും അക്രമ സാധ്യതകള്‍ ഒഴിവാക്കണമെന്നും സംഘടനകള്‍ പറഞ്ഞു. നവംബര്‍ നാലിനും പതിനാലിനും ഇടയില്‍ കേസില്‍ സുപ്രീംകോടതി വിധി പറയുമെന്നാണ് സൂചന.