മുംബൈ: കൊവിഡ് വ്യാപനത്തിനിടെ കണ്ടിവാലിയിലെ മഹാവീർ നഗറിലെ മൈതാനത്ത് തടിച്ചുകൂടി നൂറുകണക്കിന് അതിഥി തൊഴിലാളികൾ. തിരികെ സ്വദേശത്തെത്താൻ സ്പെഷ്യൽ ട്രെയിനുകളുണ്ടെന്ന പ്രതീക്ഷയിലാണ് ഇവര്‍ മൈതാനത്ത് എത്തിയത്.
ബോറിവാലിയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പുറപ്പെടാനിരുന്ന മൂന്ന് ട്രെയിനുകളിൽ രണ്ടെണ്ണം വ്യാഴാഴ്‌ച റദ്ദാക്കിയിരുന്നു. ഈ വിവരം അറിയാതെയാണ് അതിഥി തൊഴിലാളികൾ മഹാവീർ നഗറില്‍ തടിച്ചുകൂടിയത്. വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി അതിഥി തൊഴിലാളികളോട് അഭയ കേന്ദ്രങ്ങളിലേക്ക് മടങ്ങാൻ പൊലീസ് അഭ്യർഥിച്ചു.
പ്രത്യേക ട്രെയിനുകളിൽ 1,200 മുതൽ 1,700 പേര്‍ക്ക് സാമൂഹിക അകല മാനദണ്ഡങ്ങൾ പാലിച്ച് യാത്ര ചെയ്യാനാകും എന്നത് ശ്രദ്ധേയമാണ്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ (എംഎച്ച്‌എ) മാർഗനിർദേശപ്രകാരം ട്രെയിനിൽ കയറുന്നതിന് മുമ്പ് യാത്രക്കാരുടെ ശരീര താപനില പരിശോധിക്കുന്നുണ്ട്. യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണവും കുടിവെള്ളവും സൗജന്യമായി നൽകുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.