മുംബൈ: ടിആർപി റേറ്റിങ് തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് മുംബൈ പൊലീസ്. മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈം ഇന്‍റലിജൻസ് യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവിയുടെ ഡിസ്‌ട്രിബ്യൂഷൻ ഹെഡും മറ്റ് രണ്ട് മറാത്തി ചാനൽ ഉടമകളും ഉൾപ്പെടെ 12 പേരെ ക്രൈംബ്രാഞ്ച് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ റിപ്പബ്ലിക് ടിവിയിലെ ഉൾപ്പെടെ എല്ലാ ആരോപണ വിധേയരും കുറ്റം നിരസിച്ചിരുന്നു. റിപ്പബ്ലിക് ടിവിയുടെ എക്‌സിക്യൂട്ടീവ് എഡിറ്റർ നിരഞ്ജൻ നാരായണസ്വാമി, സീനിയർ എക്‌സിക്യൂട്ടീവ് എഡിറ്റർ അഭിഷേക് കപൂർ എന്നിവരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചില ടെലിവിഷൻ ചാനലുകളുടെ ടിആർപി നിരക്കിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് റേറ്റിങ് ഏജൻസിയായ ബ്രോഡ്‌കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലാണ് (ബിഎആർസി) പരാതി നൽകിയത്. ചാനലുകളുടെ പ്രധാന വരുമാനം പരസ്യങ്ങൾ ആണെന്നിരിക്കെ ടിആർപി നിരക്ക് അതിപ്രധാനമാണ്.
അതേസമയം കേസുകൾ അന്വേഷിക്കാൻ സിബിഐക്ക് മഹാരാഷ്ട്ര സർക്കാർ നൽകിയ 'പൊതു സമ്മതം' പിൻവലിച്ചു. കേസിൽ മുംബൈ പൊലീസിൻ്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ, ഉത്തർപ്രദേശ് സർക്കാരിൻ്റെ ശുപാർശയിന്മേൽ കേസിന്‍റെ അന്വേഷണം കഴിഞ്ഞ ദിവസം സിബിഐ ഏറ്റെടുത്തിരുന്നു. ടിആർപി തട്ടിപ്പുമായി ബന്ധപ്പെട്ട് യുപി പൊലീസിന് ലഭിച്ച പരാതിയിൽ അന്വേഷണം സിബിഐക്ക് വിടുകയായിരുന്നുവെന്നാണ് വിവരം. ടിആർപി തട്ടിപ്പിൽ പ്രതിസ്ഥാനത്തുള്ള റിപബ്ലിക് ടിവി കേസിൽ നേരത്തെ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കേസിൽ മുംബൈ പൊലീസ് തങ്ങളെ ലക്ഷ്യമിട്ട് അന്വേഷണം നടത്തുകയാണെന്നായിരുന്നു അവരുടെ ആരോപണം.