മുംബൈ: തെക്കൻ മുംബൈയിലെ മുംബൈ ബാഗിൽ സിഎഎക്കും എൻആർസിക്കും എതിരെ പ്രതിഷേധിച്ച സ്ത്രീകളെ പൊലീസ് ആക്രമിച്ചതായി പരാതി. എന്നാല്‍ ആരോപണം പൊലീസ് നിഷേധിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാഗ്‌പഡയിലെ മോർലാൻഡ് റോഡിൽ ജനുവരി 26 മുതൽ നൂറുകണക്കിന് സ്ത്രീകൾ പ്രതിഷേധത്തിലാണ്. പ്രതിഷേധ സ്ഥലത്ത് സ്ത്രീകള്‍ സ്ഥാപിച്ച വിശ്രമകേന്ദ്രം നീക്കം ചെയ്യാന്‍ പൊലീസ് ശ്രമിച്ചതായി പരാതിക്കാരില്‍ ഒരാള്‍ പറഞ്ഞു. തുടര്‍ന്നാണ് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
സംഭവം നടന്ന സ്ഥലത്തെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് നാഗ്‌പഡയിലെയും മദൻപുരയിലെയും നിവാസികൾ മുംബൈ ബാഗിൽ തടിച്ചുകൂടി. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അഡീഷണല്‍ കമ്മീഷണർ വിരേഷ് പ്രഭു, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ പ്രതിഷേധക്കാര്‍ സന്ദര്‍ശിച്ചു.