മുംബൈ: കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊവിഡ് പരിശോധന ശക്തമാക്കി. ഇതിന്‍റെ ഭാഗമായി ഡിസംബർ 15ന് വിമാനത്താവളത്തിൽ 13 മിനിറ്റ് കൊവിഡ് പരിശോധനാ സൗകര്യം ഏർപ്പെടുത്തി. പരിശോധനയ്‌ക്ക് 4,500 രൂപയാണ് ഈടാക്കുന്നത്. സേവനം 24 മണിക്കൂറും ലഭ്യമാണ്. പ്രതിദിനം 30 മുതൽ 35 വരെ പരിശോധകളാണ് നടത്തുന്നത്. ഈ മാസം 28 വരെ 400 പരിശോധനകളാണ് നടത്തിയത്.
ഐസിഎംആർ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് യാത്രക്കാർക്ക് വേഗത്തിലും കൃത്യമായും രോഗനിർണയം നടത്തുന്നത് ലക്ഷ്യമിട്ടാണ് പരിശോധനാ രീതി സ്വീകരിച്ചത്. യാത്രക്കാർക്കും ജീവനക്കാർക്കും പരിശോധനയിലൂടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് വിമാനത്താവള ഉദ്യോഗസ്ഥർ പറഞ്ഞു. ആർടിപിസിആർ പരിശോധനയും വിമാനത്താവളത്തിൽ ലഭ്യമാണ്.