ഡല്‍ഹി: ശസ്‌ത്രക്രിയയ്ക്ക് ശേഷം അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മുഖര്‍ജി ഗുരുതരാവസ്ഥയില്‍ തന്നെയാണെന്ന് ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍റ് റഫറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. കൊവിഡ് കൂടി ബാധിച്ചതിനാല്‍ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ല. തലച്ചോറിലെ സങ്കീര്‍ണ്ണ ശസ്‌ത്രക്രിയക്ക് പുറമെ കൊവിഡ് കൂടി ബാധിച്ചതോടെയാണ് പ്രണബിന്‍റെ നില ഗുരുതരമായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയത്. ഡല്‍ഹി രാജാജി മാര്‍ഗിലെ വീട്ടില്‍ വീണ മുഖര്‍ജിയുടെ മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്നാണ് ശസ്‌ത്രക്രിയ വേണ്ടിവന്നത്. ഇതിന് മുന്‍പായി നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനിടെ, പ്രണബ് മുഖര്‍ജി മരിച്ചുവെന്ന വ്യാജപ്രചാരണം പ്രമുഖ മാധ്യമപ്രവര്‍ത്തകരടക്കം ഏറ്റെടുത്തതിനെതിരെ അദ്ദേഹത്തിന്‍റെ മകളും മകനും രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.