ന്യൂഡല്‍ഹി:നിർഭയ കേസിലെ വധശിക്ഷയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നില്‍കെ പ്രതികൾ നല്‍കിയ എല്ലാ ഹർജികളും സുപ്രീംകോടതി തള്ളി. മുകേഷ് സിങ്, അക്ഷയ് സിങ് ഠാക്കൂർ, പവൻ ഗുപ്ത എന്നിവരുടെ ഹർജികളാണ് ഇന്ന് സുപ്രീംകോടതി തള്ളിയത്.
വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുകേഷ് സിങിന്‍റെ ഹർജി. സംഭവം നടക്കുമ്പോൾ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്ന് ആയിരുന്നു മുകേഷിന്‍റെ വാദം. രാഷ്ട്രപതി ദയാഹർജി തള്ളിയതിന് എതിരെയായിരുന്നു അക്ഷയ് സിങ്ങിന്‍റെ ഹർജി. ജസ്റ്റിസുമാരായ ആർ ഭാനുമതി, എഎസ് ബൊപ്പണ്ണ, അശോക് ഭൂഷൺ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
പവൻ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹർജി നേരത്തെ സുപ്രീംകോടതി തള്ളിയതോടെ വധശിക്ഷ നീട്ടാനുള്ള പ്രതികളുടെ എല്ലാ നീക്കങ്ങളും അവസാനിച്ചു. കുറ്റം ചെയ്യുമ്പോൾ പ്രായപൂർത്തിയായിട്ടില്ല എന്നും ശിക്ഷയില്‍ ഇളവുകൾ ലഭിക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു തിരുത്തല്‍ ഹർജി. പുനപരിശോധനാഹർജിയും തിരുത്തല്‍ ഹർജിയും സ്വമേധയാ നല്‍കിയത് അല്ലെന്ന മുകേഷ് സിങ്ങിന്‍റെ വാദം കോടതി നിരസിച്ചു.
ഹർജികൾ പരിഗണിക്കുന്നതിനിടെ പുതിയ റിട്ട് നിലനില്‍ക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. നേരത്തെ ഡല്‍ഹി പാട്യാല ഹൗസ് കോടതിയും നാല് പ്രതികളുടേയും ഹിർജികൾ തള്ളിയിരുന്നു. വധശിക്ഷ നീട്ടിവയ്ക്കാനുള്ള നിയമത്തിന്‍റെ എല്ലാ വഴികളും പ്രതികൾക്ക് മുന്നില്‍ അടഞ്ഞെങ്കിലും അന്താരാഷ്ട്ര കോടതിയില്‍ നല്‍കിയ ഹർജിയില്‍ ഇതുവരെ തീരുമാനം വന്നിട്ടില്ല. നാളെ പുലർച്ചെ 5.30നാണ് പ്രതികളെ തൂക്കിലേറ്റുന്നത്.
2012 ഡിസംബർ 16നാണ് ഡല്‍ഹിയില്‍ 23 വയസുകാരിയായ പെൺകുട്ടി ഓടികൊണ്ടിരുന്ന ബസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായത്. വിദഗ്‌ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് മാറ്റിയ പെൺകുട്ടി ഡിസംബർ 26ന് മരണത്തിന് കീഴടങ്ങി.