ഭോപ്പാല്‍: ഗ്രാമത്തിലെ വിദ്യാലയത്തിന് വേണ്ടി തനിക്കുള്ളതെല്ലാം സംഭാവന ചെയ്തിരിക്കുകയാണ് മധ്യപ്രദേശിലെ വയോധിക. മണ്ട്ല ജില്ലയിലെ പദ്‌മി ഗ്രാമവാസിയായ ഡിഗ്ലോ ബായിയാണ് ഗ്രാമത്തിൽ ഒരു വിദ്യാലയം പണിയുന്നതിനായി തന്‍റെ ജീവിത സമ്പാദ്യം മുഴുവന്‍ സംഭാവന ചെയ്‌തത്. മാതാപിതാക്കളുടെ മോശം സാമ്പത്തിക സ്ഥിതി കാരണം സ്കൂളിൽ പഠിക്കാന്‍ സാധിക്കാത്തതാണ് ഡിഗ്ലോ ബായ് വിദ്യാഭ്യാസത്തെ ഇത്രയധികം വിലമതിക്കുന്നതിന്‍റെ ഒരു കാരണം. സ്‌കൂൾ കെട്ടിടത്തിന്‍റെ നിർമ്മാണത്തിനായി വർഷങ്ങളായി സമ്പാദിച്ച ഒരു ലക്ഷം രൂപയാണ് നല്‍കിയത്.
1996 ൽ ഗ്രാമീണ വിദ്യാലയം നിര്‍മിക്കുന്നതിനായി ഡിഗ്ലോ ബായിയുടെ ചെറുകിട കർഷകനായിരുന്ന ഭർത്താവ് 20,000 രൂപ സംഭാവന നൽകി. എന്നാൽ നിർഭാഗ്യവശാൽ കെട്ടിട നിർമാണം ആരംഭിക്കുന്നതിന് മുന്‍പെ അദ്ദേഹം മരിച്ചു.ഭർത്താവിന്‍റെ മരണശേഷമാണ് അദ്ദേഹത്തിന്‍റെ സ്വപ്നം നിറവേറ്റാൻ തീരുമാനിച്ചതെന്നും അതിനായി വർഷങ്ങളായി കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച പണവും ആകെയുണ്ടായിരുന്ന ചെറിയ ഭൂമിയും വിറ്റെന്നും ഇടിവി ഭാരതിനോട് സംസാരിച്ച ഡിഗ്ലോ ബായ് പറഞ്ഞു.
കുട്ടികളില്ലെങ്കിലും സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികളും ഡിഗ്ലോ ബായിക്ക് സ്വന്തം കുട്ടികളെപ്പോലെയാണ്. അവരുടെ പ്രിയപ്പെട്ട മുത്തശ്ശിയാണ് ഡിഗ്ലോ ബായി.