ഭോപ്പാൽ: ലോക്‌ഡൗണിൽ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ അക്കൗണ്ടുകളിൽ ആയിരം രൂപ വീതം നിക്ഷേപിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ലോക്‌ഡൗണിന്‍റെ പശ്ചാത്തലത്തിൽ ഒരു തൊഴിലാളിയും കഷ്‌ടപ്പെടേണ്ട അവസ്ഥ വരരുത്. കൂടുതൽ പണം ആവശ്യമായി വരികയാണെങ്കിൽ ഇനിയും അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കും. പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ എല്ലാവർക്കുമൊപ്പം ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നുവെന്നും ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.
പണം നൽകുന്നത് കൂടാതെ, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് തൊഴിലാളികൾക്ക് വേണ്ട ഭക്ഷണവും വെള്ളവും നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്തുള്ള സംസ്ഥാനങ്ങളിൽ ഉള്ള മധ്യപ്രദേശിലെ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ എംഎൽഎമാരോടും എംപിമാരോടും നിർദേശിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ അക്കൗണ്ടുകളിലേക്ക് പണം നൽകാൻ സാധിക്കൂ. വിളവെടുപ്പ് കാലം കഴിഞ്ഞുള്ള സമയം സ്ഥിതിഗതികൾ കൂടുതല്‍ വഷളാവാതാരിക്കാൻ ഓരോരുത്തർക്കും അഞ്ച് കിലോ റേഷൻ നൽകുന്നതിനും കലക്‌ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. റേഷൻ കാർഡില്ലാത്തവർക്കും ഇത് ലഭ്യമായിരിക്കും. തങ്ങളുടെ സഹോദരി- സഹോദരന്മാർ ഇത്തരം സാഹചര്യത്തിൽ പട്ടിണി കിടക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മധ്യപ്രദേശിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌തത് 730 കൊവിഡ് കേസുകളാണ്. ഇതിൽ 51 പേർക്ക് രോഗം ഭേദമായി. 50 പേർ വൈറസ് ബാധിതരായി മരിച്ചു.