ഹൈദരാബാദ്: തെലങ്കാനയിലെ സൂര്യപേട്ടിൽ ഭർത്താവുമായി കലഹിച്ച ഭാര്യ കുട്ടികളെ പുഴയിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയെന്ന് ആരോപണം. എട്ട് വയസുകാരിയായ ജ്യോതി, ആറ് വയസുകാരനായ ഹർഷവർധൻ എന്നിവരാണ് കൊല്ലപ്പെട്ടത്. അമ്മ നാഗാമണി ഒളിവിലാണ്.
കഴിഞ്ഞ എട്ട് വർഷമായി സൂര്യപേട്ടിൽ താമസിക്കുകയായിരുന്നു നാഗാമണിയും ഭർത്താവ് പ്രശാന്തും. 15 വർഷമായി വിവാഹിതരാണ്. മദ്യപാനിയായ പ്രശാന്തുമായി വീട്ടിൽ കലഹങ്ങൾ പതിവായിരുന്നു. എന്നത്തെയും പോലെ മദ്യപിച്ചുവന്ന പ്രശാന്തുമായി നാഗാമണി വഴക്കിട്ടു. പ്രശാന്ത് ഉറങ്ങിയതിന് ശേഷം കുട്ടികളെ എടുത്തുകൊണ്ടുപോയി സമീപത്തെ പുഴയിലേക്ക് എറിഞ്ഞതാകാമെന്ന് സൂര്യപേട്ട് പൊലീസ് ഇൻസ്‌പെക്‌ടർ അജനേയുലു പറയുന്നു. കുട്ടികളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് കൂട്ടിച്ചേർത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.