ന്യൂഡൽഹി: കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച സഹപൈലറ്റ് അഖിലേഷ് കുമാറിന്‍റെ മൃതദേഹം ഡൽഹി വിമാനത്താവളത്തിലെത്തിച്ചു. ഞായറാഴ്ച പുലർച്ചെയാണ് മൃതദേഹം വിമാനത്താവളത്തിൽ എത്തിച്ചത്. എയർ ഇന്ത്യ ജീവനക്കാർ ആദരാഞ്ജലി അർപ്പിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ജന്മനാടായ ഉത്തർപ്രദേശിലെ മഥുരയിലേക്ക് കൊണ്ടുപോകും. മരിച്ച പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സതേയുടെയും സഹപൈലറ്റ് അഖിലേഷ് കുമാറിന്‍റെയും മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറിയിരുന്നു.
കരിപ്പൂര്‍ വിമാനാപകടത്തില്‍ 18 പേരാണ് മരിച്ചത്. 172 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നാഷണൽ ഡിഫൻസ് അക്കാദമിയുടെ പൂർവ്വ വിദ്യാർഥിയായ ക്യാപ്റ്റൻ ദീപക് സതേ ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡറായിരുന്നു. സൈനിക സേവനത്തിന് ശേഷമാണ് എയർ ഇന്ത്യയിൽ പ്രവേശിക്കുന്നത്. ഭാര്യയും രണ്ട് മക്കളും ഉണ്ട്. പിതാവ് കേണൽ വസന്ത് സതേയും അമ്മ നീലം സതേയും നാഗ്‌പൂരിലാണ് താമസം. അഖിലേഷ് കുമാറിന്‍റെ ഭാര്യ ഭാര്യ മേഘ്‌ന എട്ട് മാസം ഗർഭിണിയാണ്. രണ്ട് ഇളയ സഹോദരന്മാരും സഹോദരിയും മാതാപിതാക്കളുമുണ്ട്.