ന്യൂഡല്‍ഹി: കശ്മീരിൽ ഈ വര്‍ഷം നൂറിലധികം ഭീകരരെ ഉന്മൂലനം ചെയ്‌തതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. ബിഹാറിലെ മധുബാനി ജില്ലയിൽ നടന്ന വെർച്വൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കശ്‌മീരിലെ ട്രാല്‍ പ്രദേശം ഇപ്പോൾ ഭീകരരില്ലാത്ത മേഖലയായി മാറിയെന്നും സുരക്ഷാ സേനയുടെ വലിയ നേട്ടങ്ങളാണിവയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിഹാറിലെ പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്. സംസ്ഥാന ഭരണകൂടവുമായി ചേര്‍ന്ന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും റായ് കൂട്ടിച്ചേര്‍ത്തു. 1,300 പ്രത്യേക ശ്രമിക് ട്രെയിനുകൾ ബിഹാറിലേക്ക് സര്‍വീസ് നടത്തി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടന്ന 20 ലക്ഷത്തിലധികം അതിഥി തൊഴിലാളികളെ തിരിച്ചുകൊണ്ടുവന്നു. മടങ്ങിയെത്തിയ അതിഥി തൊഴിലാളികൾക്ക് ജോലി നല്‍കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും റായ് പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 243 നിയമസഭ സീറ്റുകളില്‍ 220 എണ്ണവും എൻഡിഎ നേടുമെന്നും നിത്യാനന്ദ് റായ് അഭിപ്രായപ്പെട്ടു.