അമരാവതി (ആന്ധ്രപ്രദേശ്): കുരങ്ങന്മാരെ കുട്ടികൾക്കേറെ പരിചിതമാണെങ്കിലും ഭയം മൂലം അരികിലേക്ക് അടുപ്പിക്കാറില്ല. എന്നാൽ കുർനൂൾ ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിൽ കുട്ടികൾ കുരങ്ങനോടൊപ്പമാണ് പഠിക്കുന്നതും കളിക്കുന്നതും. ആന്ധ്രാപ്രദേശിലെ പ്യാപിളി മണ്ഡലത്തിലാണ് കൗതുകം ജനിപ്പിക്കുന്ന ഈ കാഴ്‌ച.
ഗ്രാമത്തിനടുത്തുള്ള മലയിൽ നിന്നാണ് കുരങ്ങന്‍റെ വരവ്. സ്‌കൂളിൽ വിദ്യാർഥികൾ എത്തിക്കഴിഞ്ഞാൽ പിന്നാലെ കുരങ്ങനും ക്ലാസിലേക്ക് എത്തും. പഠിതാവായ കുരങ്ങൻ ഇപ്പേൾ പ്രൈമറി ക്ലാസിൽ നിന്നാണ് വിദ്യ നേടുന്നത്. കുരങ്ങന്‍റെ സാന്നിധ്യം കുട്ടികൾ ഏറെ ആസ്വദിച്ചാണ് പഠനം തുടരുന്നത്. കുട്ടികളെ ഉപദ്രവിക്കാത്തത് കൊണ്ട് തന്നെ ഏവരും ഈ കുരങ്ങച്ചനെ ഇഷ്‌ടപ്പെടുന്നു. അവർ കൊണ്ടുവരുന്ന ഭക്ഷണം എന്തുതന്നെയായാലും അത് കുരങ്ങനുമായി പങ്കുവക്കുകയും ചെയ്യുന്നു. കുരങ്ങന് സ്ലേറ്റും പെൻസിലും നൽകാനും അധ്യാപകർ മറന്നില്ല. സ്‌കൂൾ വിടുന്നത് വരെ കുരങ്ങൻ ക്ലാസ് റൂമിൽ കുട്ടികളോടൊപ്പം ചെലവഴിച്ച് വൈകുന്നേരം മലമുകളിലേക്ക് മടങ്ങി പോകുന്നതാണ് ഇവിടുത്തെ സ്ഥിരം കാഴ്‌ച.