ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം തനിക്ക് തീര്‍ത്ഥാടനം പോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റ് തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി പാര്‍ട്ടി മാത്രമല്ല ജനങ്ങളാണ് പ്രചാരണം നടത്തിയതെന്നും ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു. താന്‍ നിരവധി തെരഞ്ഞെടുപ്പുകള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇത്തവണ രാഷ്ട്രീയത്തിന് അതീതമായ തെരഞ്ഞെടുപ്പാണ് നടന്നത്. പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്താന്‍ നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്തെന്നും ഇത്തവണത്തെ പ്രചാരണങ്ങള്‍ ഒരു തീര്‍ത്ഥാടനം പോലെയാണ് തോന്നിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടേയും എന്‍ഡിഎയുടെ മറ്റ് ഘടകകക്ഷികളുടേയും നേതാക്കള്‍ പങ്കെടുത്ത യോഗത്തിന് ശേഷം അമിത് ഷാ അത്താഴവിരുന്നും ഒരുക്കിയിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റലി, ജെ പി നഡ്ഡ, പ്രകാശ് ജാവ്ഡേക്കര്‍ എന്നിവർ പങ്കെടുത്തു. ശിവസേന നേതാവ് ഉദ്ദവ് താക്കറെ, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പാസ്വന്‍ തുടങ്ങിയവരും അത്താഴവിരുന്നില്‍ പങ്കെടുത്തു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ മികച്ച വിജയം പ്രവചിച്ച സാഹചര്യത്തില്‍ നടന്ന വിരുന്നില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ മന്ത്രിമാര്‍ക്ക് മോദി നന്ദി പറഞ്ഞുവെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു. ഇതിന് പിന്നാലെ അഞ്ച് വര്‍ഷത്തെ നേട്ടങ്ങള്‍ക്ക് മോദി സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും മോദിക്ക് കീഴില്‍ പുതിയ ഇന്ത്യക്കായുള്ള ആവേശം നിലനിര്‍ത്തണമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.