ന്യൂഡൽഹി: മോദിയുടെ രണ്ടാം വരവില്‍ ആദ്യ സർക്കാരിലെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിമാര്‍ പടിയിറങ്ങുകയാണ്. ഒന്നാം മോദി സര്‍ക്കാരിലെ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി, ആരോഗ്യമന്ത്രി ജെ പി നഡ്ഡ, വ്യോമയാന മന്ത്രി സുരേഷ് പ്രഭു, സഹമന്ത്രിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോര്‍, ജയന്ത് സിന്‍ഹ, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവരാണ് പുതിയ മന്ത്രിസഭയില്‍നിന്ന് പുറത്തായത്.
ആരോഗ്യപരമായ കാരണങ്ങളാല്‍ തന്നെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് അരുണ്‍ ജയ്റ്റ്ലി ആവശ്യപ്പെടുകയായിരുന്നു. ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിയുടെയും വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിന്‍റെയും പിന്മാറ്റമാണ് പ്രധാനം. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. മുന്‍ ആരോഗ്യമന്ത്രി ജെ പി നഡ്ഡ ബിജെപി അധ്യക്ഷനായേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തെ പുതിയ മന്ത്രിസഭയില്‍ പരിഗണിക്കാതിരുന്നതെന്നും ശ്രദ്ധേയമാണ്. നിലവിലെ പാര്‍ട്ടി അധ്യക്ഷനായ അമിത് ഷാ കേന്ദ്രമന്ത്രിയായതോടെ ജെപി നഡ്ഡ അധ്യക്ഷസ്ഥാനത്തെത്തുമെന്നാണ് സൂചന. വിദേശകാര്യമന്ത്രി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തന റെക്കോര്‍ഡോടു കൂടിയാണ് സുഷമ സ്വരാജ് പടിയിറങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മുന്‍ നിരയില്‍ സുഷമ സ്വരാജ് ഉണ്ടായിരുന്നു.
25 കാബിനറ്റ് മന്ത്രിമാരും 33 സഹമന്ത്രിമാരും ഉള്‍പ്പെടെ 58 മന്ത്രിമാരാണ് മോദിയുടെ രണ്ടാമൂഴത്തിലെ ടീം. സഹമന്ത്രിമാരില്‍ 9 പേര്‍ക്ക് സ്വതന്ത്ര ചുമതയുണ്ട്. നേരത്തേ കേരളത്തില്‍ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനമായിരുന്നു സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി മന്ത്രിസഭയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഊഴം വി മുരളീധരന്‍റേതാണ്.
ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന ഉമാ ഭാരതി, കൃഷിമന്ത്രിയായിരുന്ന രാധാമോഹന്‍സിംഗ്, ജുവല്‍ ഓറം, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായ മഹേഷ് ശർമ്മ, ചൗധരി വിരേന്ദര്‍ സിംഗ്, ആനന്ദ് ഗീഥെ എന്നിവരാണ് മന്ത്രിസഭയിലില്ലാത്ത മറ്റു മന്ത്രിമാർ.