ന്യൂഡല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് മോദിയുടെ ആഹ്വാനം. ലോക്ക്‌ഡൗണ്‍ നീക്കിയെങ്കിലും വൈറസ് നമ്മെ വിട്ട് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ജോലിക്കായും മറ്റ് ആവശ്യങ്ങള്‍ക്കായും എല്ലാവരും പുറത്തിറങ്ങുന്നു. ഉത്സവ കാലത്ത് കടകമ്പോളങ്ങളില്‍ തിരക്കേറാന്‍ സാധ്യതയുണ്ട്. ഏഴ്-എട്ട് മാസങ്ങള്‍ കൊണ്ട് തീര്‍ത്ത പ്രതിരോധം ചെറിയൊരു അശ്രദ്ധ കാരണം ഇല്ലാതാക്കരുത്. അശ്രദ്ധത പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും മോദി പറഞ്ഞു.
മറ്റ് രാജ്യങ്ങളെ വെച്ച് നോക്കുമ്പോള്‍ ഇന്ത്യയില്‍ 10 ലക്ഷം ജനങ്ങളില്‍ 5,500 പേര്‍ക്കാണ് കൊവിഡ് ബാധിക്കുന്നത്. ബ്രസീല്‍, യുഎസ് എന്നിവിടങ്ങളില്‍ അത് 25,000 ആണെന്നും മോദി ചൂണ്ടിക്കാണിച്ചു. ഇന്ത്യയില്‍ രോഗമുക്തി നിരക്ക് വര്‍ധിച്ചു. കൊവിഡ് മരണനിരക്കും കുറഞ്ഞുവെന്ന് മോദി പറഞ്ഞു. കൊവിഡ് പ്രതിരോധം തീര്‍ക്കുന്നതില്‍ ആരോഗ്യപ്രവര്‍ത്തകരെ മോദി അഭിനന്ദിച്ചു.