ഗുവാഹത്തി: അസമിലെ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ വെള്ളിയാഴ്‌ച മുതൽ പുനഃസ്ഥാപിക്കുമെന്ന് അസം സർക്കാർ അറിയിച്ചു. അസം ധനകാര്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെ സർവീസ് പുനഃസ്ഥാപിക്കണമെന്ന ഗുവാഹത്തി ഹൈക്കോടതി ഉത്തരവിട്ടതിനെ തുടന്നാണ് നടപടി.
ജസ്റ്റിസുമാരായ മനോജിത് ഭൂയാൻ, സൗമിത്ര സൈകിയ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് പൊതുതാൽപര്യ ഹർജികൾ പരിഗണിച്ച് നിർദേശം നൽകിയത്. അസമിലെ ബ്രോഡ്ബാൻഡ് സേവനങ്ങൾ ഇതിനോടകം തന്നെ പുനരാരംഭിച്ചു കഴിഞ്ഞു.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെയും അക്രമസംഭവങ്ങളെയും തുടർന്ന് ഡിസംബർ 11 വൈകിട്ട് മൊബൈൽ, ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.