ജയ്പുർ: ഗോരക്ഷകർ തല്ലിക്കൊന്ന പെഹ്‍ലു ഖാനെ പ്രതി ചേർത്ത് തയാറാക്കിയ കുറ്റപത്രത്തിൽ നിന്നും പെഹ്‍ലു ഖാനെ ഒഴിവാക്കിയെങ്കിലും മക്കളെ പ്രതിചേർത്ത് രാജസ്ഥാൻ പൊലീസ് പുതിയ കുറ്റപത്രം തയാറാക്കി. പെഹ്‌ലു ഖാൻ കൊല്ലപ്പെട്ടതിനാൽ കുറ്റപത്രത്തിൽ പരാമർശമുണ്ടെങ്കിലും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. കന്നുകാലികളെ അനധികൃതമായി കടത്തിക്കൊണ്ട് പോയതിന്‍റെ വകുപ്പുകൾ പ്രകാരമാണ് ഖാന്‍റെ രണ്ട് മക്കളെയും ട്രക്ക് ഡ്രൈവറെയും പ്രതി ചേർത്തുള്ള കുറ്റപത്രം തയാറാക്കിയത്.
2017ല്‍ അല്‍വാറില്‍ പൊതുവഴിയില്‍ ഒരു സംഘം ഗോരക്ഷകരുടെ ആക്രമണത്തിലാണ‌് പെഹ‌്‌ലുഖാന്‍ കൊല്ലപ്പെട്ടത‌്. കാലിച്ചന്തയില്‍നിന്ന‌് വാങ്ങിയ കന്നുകാലികളുമായി വീട്ടിലേക്ക‌് മടങ്ങിയ പെഹ‌്‌ലുഖാനെയും സംഘത്തെയും ഡല്‍ഹി-- അല്‍വാര്‍ ഹൈവേയിലാണ‌് ഗോരക്ഷകർ ആക്രമിച്ചത‌്. വയോധികനായ പെഹ‌്‌ലുഖാനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ രണ്ട‌് എഫ‌്‌ഐആറുകള്‍ അന്നത്തെ ബിജെപി സര്‍ക്കാര്‍ രജിസ‌്റ്റര്‍ ചെയ‌്തു.
സംഭവത്തെ തുടർന്നു ഗോരക്ഷകരായ എട്ട് പേർക്കെതിരെയും കാലിക്കടത്തിന് പെഹ്‍ലു ഖാൻ (55), മക്കളായ ഇർഷാദ് (25), ആരിഫ് (22), ട്രക്ക് ഡ്രൈവർ മുഹമ്മദ് എന്നിവർക്കെതിരെയും കേസ് എടുത്തിരുന്നു. എന്നാൽ പെഹ്‍ലു ഖാനെ അടിച്ച് കൊന്നതിന് പിടിയിലായ ആറ് പേരും കുറ്റക്കാരല്ലെന്ന നിഗമനത്തിലാണ് പൊലീസ്. പിന്നിട് ഇവർക്ക് ജാമ്യം ആനുവദിക്കുകയും ചെയ്തു.
കോണ്‍ഗ്രസ‌് നേതാവ‌് അശോക‌് ഗെഹ‌്‌ലോട്ട‌് രാജസ്ഥാൻ മുഖ്യമന്ത്രിയായി അധികാരമേറ്റ‌് 13--ാം ദിവസം ഡിസംബര്‍ 30നാണ‌് പെഹ്‍ലു ഖാനെതിരായ കുറ്റപത്രം തയ്യാറാക്കിയത‌്. കേസിന്‍റെ അന്വേഷണം നടത്തിയത് മുൻ സർക്കാർ ആണെന്നും അതിന്‍റെ തുടർനടപടിയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. പെഹ്‌ലു ഖാനും കേസിൽ പ്രതിയാണെന്ന വാർത്തകൾ വന്നതിനെ തുടർന്ന് ഇക്കാര്യം അന്വേഷിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഖാൻ മരിച്ച് പോയതിനാൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന വിശദീകരണവുമായി പൊലീസ് രംഘത്ത് വന്നത്.