പൂനെ: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയിലെ (എംഎന്‍എസ്) ഉദ്യോഗസ്ഥനായ വസന്ത് മോറെ തിങ്കളാഴ്ച പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഒരു ഉദ്യോഗസ്ഥന്‍റെ കാര്‍ അടിച്ച് തകര്‍ത്തു. ഒരു വടി കൊണ്ട് കാറിന്‍റെ വിൻഡ്ഷീൽഡ് തകർക്കുന്നത് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നു.
പൂനെയിലെ ആളുകൾക്ക് ആംബുലൻസ് ലഭിക്കുന്നില്ലെങ്കിൽ വാഹനങ്ങളില്‍ പോകാൻ ഉദ്യോഗസ്ഥർക്ക് അവകാശമില്ലെന്ന് വസന്ത് മോറെ പറഞ്ഞു. കൊവിഡ് ബാധിതനായിരുന്ന മോറെയുടെ ബന്ധു മരിച്ചശേഷം അദ്ദേഹത്തിന്‍റെ മൃതദേഹം സ്മശാനത്തിലേക്കെത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാതെ 3.5 മണിക്കൂർ കിടത്തേണ്ടിവന്നു. വൈദ്യുത കേന്ദ്രങ്ങളിൽ മാത്രമേ അധികൃതര്‍ ശവസംസ്കാരം അനുവദിക്കുകയുള്ളൂ. ഒരു മൃതദേഹത്തോട് അധികൃതര്‍ കാണിച്ച അനാദരവ് സഹിക്കാന്‍ കഴിയാതെയാണ് വസന്ത് മോറെ ഉദ്യോഗസ്ഥന്‍റെ കാര്‍ തകര്‍ത്തത്. ആകെ 16,429 പുതിയ കൊവിഡ് കേസുകളും 423 മരണങ്ങളും തിങ്കളാഴ്ച മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു.