ഭുവനേശ്വർ: വഴിയോരക്കച്ചവടക്കാരെ ആക്രമിച്ച കേസിൽ 18 പേരെ പിടികൂടി. വെള്ളിയാഴ്‌ച വൈകുന്നേരമാണ് യൂണിറ്റ് 2 മാർക്കറ്റ് പരിസരത്ത് മുഖം മൂടി സംഘം കച്ചവടക്കാരെ ആക്രമിക്കുകയും സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്‌തത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 12 പേർ ഉൾപ്പെടെ 18 പേരെ പൊലീസ് പിടികൂടി. ഇരുമ്പുവടികളും മൂർച്ചയുള്ള ആയുധങ്ങളും കൊണ്ടുവന്ന സംഘം മാർക്കറ്റും വാഹനങ്ങളും അടിച്ച് നശിപ്പിച്ചു.
മൊത്തം 30 പേരാണ് ആക്രമണം നടത്തിയത്. ഇതില്‍ 21 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി നടക്കുകയാണെന്നും പൊലീസ് കമ്മീഷണർ സുധൻസു സാരംഗി പറഞ്ഞു. ഇവരുമായി ബന്ധപ്പെട്ട് അഞ്ച് ബൈക്കുകളും പിടികൂടിയിട്ടുണ്ട്. മാർക്കറ്റിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിലിൽ കൂടുതൽ ആൾക്കാരെ പിടികൂടാൻ സാധിക്കുമെന്നാണ് പൊലീസ് നിഗമനം. കലാപം, പൊതുസ്ഥലത്ത് അക്രമം സൃഷ്‌ടിക്കൽ, ക്രമസമാധാനം തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളതെന്നും സംഭവത്തിൽ കർശനമായ നടപടിയെടുക്കുമെന്നും കമ്മീഷണർ പറഞ്ഞു. ആക്രമണത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരു കടയുടമ രണ്ട് ഉപഭോക്താക്കളോട് മോശമായി പെരിമാറിയതാണ് കാരണമെന്നാണ് സംശയിക്കുന്നത്.