ന്യൂഡൽഹി: പ്രതിപക്ഷം ന്യൂനപക്ഷങ്ങളെ ചതിച്ചു. അടിയന്തരമായി നമ്മളത് നിർത്തലാക്കണമെന്ന് എൻഡിഎ അംഗങ്ങളോട് നരേന്ദ്രമോദി. പാവപ്പെട്ടവർ ചതിക്കപ്പെടുന്ന രീതിയിൽ തന്നെ ന്യൂനപക്ഷങ്ങളും വഞ്ചിക്കപ്പെട്ടു. അവരുടെ വിദ്യാഭ്യാസം, ആരോഗ്യം എല്ലാം സംരക്ഷിക്കപ്പെടേണ്ടതാണെന്നും മോദി പറഞ്ഞു. ദേശീയ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് ശേഷം എൻഡിഎ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവർക്കുമൊപ്പം, എല്ലാവരുടേയും വികസനം, എല്ലാവരുടേയും വിശ്വാസം എന്നതായിരിക്കണം പുതിയ സർക്കാരിന്‍റെ മുഖമുദ്രയെന്നും മോദി പറഞ്ഞു. 2014 ൽ ഉയർത്തിയ സബ്കാ സാത് സബ്കാ വികാസ് എന്ന മുദ്രാവാക്യത്തിൽ സബ്കാ വിശ്വാസ് എന്ന് കൂട്ടിച്ചേർത്താണ് മോദിയുടെ പുതിയ പ്രഖ്യാപനം. ചുമരുകളില്ലാതാക്കി ഹൃദയങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ 2019 ലെ തെരഞ്ഞെടുപ്പിന് സാധിച്ചു. ഈ തെരഞ്ഞെടുപ്പ് രാജ്യത്തെ ഒന്നിപ്പിച്ചു. പുതിയ ഭാരതമെന്ന സങ്കൽപവുമായി എൻഡിഎ പുതിയ യാത്ര ആരംഭിക്കുകയാണെന്നും മോദി പറഞ്ഞു.
മുഖ്യ മുന്നണികളായ ജനതാദൾ യുണൈറ്റഡ് അധ്യക്ഷന്‍ നിതീഷ് കുമാർ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, അകാലിദൾ പാർട്ടിയുടെ പ്രകാശ് സിങ് ബാദൽ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.