ലക്‌നൗ: ഉത്തർപ്രദേശിൽ പുള്ളിപ്പുലി ആക്രമണത്തിൽ പെൺകുട്ടി മരിച്ചു. ധോബിയാൻപൂർ ഗ്രാമത്തിൽ പുള്ളിപ്പുലി ആക്രമണത്തെ തുടർന്ന് എട്ട് വയസുകാരിയാണ് കൊല്ലപ്പെട്ടത്. കതർനിയഘട്ട് വന്യജീവി സങ്കേതത്തിന് സമീപം രാത്രി പെൺകുട്ടി വീടിനു വെളിയിലായിരുന്നപ്പോൾ പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നുവെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) ജി പി സിംഗ് പറഞ്ഞു.
പെൺകുട്ടിയെ പിടികൂടിയ പുള്ളിപ്പുലി കുട്ടിയെ വനമേഖലയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. നിലവിളികേട്ടെത്തിയ ഗ്രാമവാസികൾ പുലിയെ ഓടിച്ചു. പുള്ളിപ്പുലി പെൺകുട്ടിയെ ഉപേക്ഷിച്ച് കാട്ടിനുള്ളിലേക്ക് ഓടി. പെൺകുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. വൈകുന്നേരം പുറത്തിറങ്ങരുതെന്ന് ഗ്രാമവാസികൾക്ക് ജാഗ്രത നിർദേശം നൽകിയതായി സിംഗ് പറഞ്ഞു. ജൂൺ നാലിന് ഡള്ളാപൂർവ ഗ്രാമത്തിൽ പുള്ളിപ്പുലി മൂന്ന് വയസുള്ള കുട്ടിയെ കൊന്നിരുന്നു.