ഭോപ്പാല്‍: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മധ്യപ്രദേശില്‍ മന്ത്രിമാര്‍ രാജിവെച്ചു. ഇന്ന് ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മന്ത്രിമാരുടെ രാജിക്കാര്യം കമല്‍നാഥ് പ്രഖ്യാപിച്ചത്. എല്ലാവരുമായും ചർച്ച നടത്തി മന്ത്രിസഭാ പുനസംഘടന ഉടൻ നടത്തുമെന്ന് കമല്‍നാഥ് അറിയിച്ചു. 20 മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തുവെന്നും മന്ത്രിസഭ ഉടൻ പുനസംഘടിപ്പിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പിസി ശർമ അറിയിച്ചു. 17 കോൺഗ്രസ് എംഎല്‍എമാർ ബെംഗളൂരുവിലെ റിസോർട്ടില്‍ തുടരുന്നുവെന്ന വാർത്തകൾക്കിടെയാണ് അപ്രതീക്ഷിത നീക്കവുമായി മന്ത്രിമാര്‍ രാജിവെച്ചത്.
കോൺഗ്രസ് എംഎല്‍എമാരെ ഒപ്പം നിർത്താൻ ബിജെപി തീവ്ര ശ്രമം തുടരുന്നതിനിടെയാണ് മധ്യപ്രദേശില്‍ മന്ത്രിസഭാ പുനസംഘടനയ്ക്ക് ശ്രമം നടക്കുന്നത്. വിമതരെ അനുനയിപ്പിക്കാൻ കോൺഗ്രസ് ദേശീയ നേതാക്കൾ ഇടപെട്ട് നീക്കം തുടരുകയാണ്. കോൺഗ്രസ് പാർലമെന്‍ററി യോഗം നാളെ ചേർന്ന് പുതിയ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുമെന്നാണ് സൂചന. കോൺഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന ജ്യോതിരാദിത്യ സിന്ധ്യയുമായി ചർച്ച നടത്തിയെന്നും അദ്ദേഹം കോൺഗ്രസിന് ഒപ്പമാണെന്നും മുതിർന്ന നേതാവ് ഉമാംഗ് സിംഗാർ പറഞ്ഞു. 17 എംഎല്‍എമാരെ കാണാനില്ലെന്ന വാർത്തകൾക്ക് ശേഷമാണ് മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. കാണാതായ എംഎല്‍എമാർ ബെംഗളൂരുവിലെ റിസോർട്ടില്‍ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിച്ചു.