ന്യൂഡൽഹി: കുടിയേറ്റക്കാരുടെ ദുരിതങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്ന് കാണിച്ച് മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലം തള്ളി. സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം എല്ലാ തൊഴിലാളികൾക്കും ഭക്ഷണം നൽകുന്നുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് സത്യത്തിൽ നിന്ന് വളരെ അകലെയാണെന്ന് കരുതുന്നുവെന്ന് കോടതി പറഞ്ഞു.
ശരിയായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും മഹാരാഷ്ട്ര സർക്കാരിനോട് സുപ്രീം കോടതി പറഞ്ഞു. എല്ലാം മികച്ചതാണെന്ന് അവകാശപ്പെടാൻ സംസ്ഥാനത്തിന് കഴിയില്ലെന്നും കോടതി ഓര്‍മിപ്പിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പരിഗണിച്ച് ജസ്റ്റിസ് അശോക് ഭൂഷന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് സ്വമേധയാ കേസെടുത്തിരുന്നു. കേസിന്‍റെ വാദം കേൾക്കുമ്പോൾ കുടിയേറ്റക്കാർക്ക് സൗജന്യ ഗതാഗതം, ഭക്ഷണം എന്നിവ നൽകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കോടതി എല്ലാ സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ടിരുന്നു. മേധ പടേക്കർ, നിചികേത വാജ്‌പെയ് എന്നിവരും കുടിയേറ്റക്കാരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണമെന്ന ആവശ്യങ്ങൾ ഉന്നയിച്ച് ഹര്‍ജികള്‍ നല്‍കിയിരുന്നു. ഹര്‍ജിയില്‍ കോടതി അടുത്ത ആഴ്ച വാദം കേൾക്കും.
നേരത്തെ നാട്ടിലേക്ക് പോകാൻ ആഗ്രഹിച്ച കുടിയേറ്റക്കാർ ഇപ്പോൾ സംസ്ഥാനത്ത് നിലകൊള്ളുകയാണെന്നും മെയ് ഒന്ന് മുതലുള്ള കണക്കുകള്‍ പ്രകാരം 3,50,000 തൊഴിലാളികൾ വീണ്ടും ജോലിയിൽ പ്രവേശിച്ചതായും മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് റിവേഴ്സ് മൈഗ്രേഷൻ നടക്കുന്നുണ്ടെന്നും നഗരങ്ങളിലേക്ക് പോകുന്ന ട്രെയിനുകൾ നിറഞ്ഞിട്ടുണ്ടെന്നും ബിഹാറിലെ അവസ്ഥയെ കുറിച്ച് അഭിഭാഷകൻ രഞ്ജിത് കുമാർ കോടതിയിൽ പറഞ്ഞു.
കുടിയേറ്റക്കാരുടെ അവസ്ഥ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാനങ്ങളോട് ജഡ്ജിമാർ വിശദവിവരം ആവശ്യപ്പെട്ടു. ജൂലായ് 17ന് വാദം ഹര്‍ജികളില്‍ വാദം കേൾക്കും.