ഭുവനേശ്വർ: കൊവിഡ് 19 നെത്തുടര്‍ന്ന് സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാനത്ത് നിന്നുള്ളവര്‍ അതിഥി തൊഴിലാളികളാണെന്ന് ഒഡിഷ സര്‍ക്കാര്‍. 56,926 ഓളം അതിഥി തൊഴിലാളികൾക്കായി 1,882 ക്യാമ്പുകളിലൂടെ ഭക്ഷണവും താമസവും ഉറപ്പുവരുത്തുന്ന എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചതായി ഒഡിഷ സർക്കാർ അറിയിച്ചു.
അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളില്‍ ഡോക്‌ടർമാർ പതിവായി സന്ദര്‍ശനം നടത്തുന്നുണ്ട്. സഹായം ആവശ്യമുള്ള അതിഥി തൊഴിലാളികള്‍ 18003456703 എന്ന സര്‍ക്കാരിന്‍റെ കോള്‍ സെന്‍ററിലേക്ക് ബന്ധപ്പെടണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഭക്ഷണത്തിനും താമസത്തിനും പുറമെ സംസ്ഥാന സർക്കാർ ക്യാമ്പുകളിൽ സൈക്കോ-സോഷ്യൽ കൗൺസിലിംഗും മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ വഴി മെഡിക്കൽ സേവനങ്ങളും നല്‍കുന്നുണ്ട്. കുട്ടികൾക്കുള്ള പഴങ്ങളും പാലും കുടിയേറ്റ തൊഴിലാളി ക്യാമ്പുകളിൽ നൽകുന്നുണ്ട്.
ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഛത്തീസ്‌ഗഡ്, മഹാരാഷ്ട്ര, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഒഡിഷയിലെ കുടിയേറ്റ തൊഴിലാളികൾ. ഒഡിഷയില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കണമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എല്ലാ മുഖ്യമന്ത്രിമാരോടും നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. ഇതിനുള്ള ചെലവുകള്‍ തങ്ങള്‍ തന്നെ വഹിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ സഹായിക്കാൻ വിവിധ സംസ്ഥാനങ്ങളിലെ ഒഡിയ അസോസിയേഷനുകളോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. ഒഡിഷയിൽ നിന്നുള്ള രണ്ട് ലക്ഷത്തോളം തൊഴിലാളികൾ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നും രാജ്യവ്യാപകമായി പൂട്ടിയിട്ടതിനാൽ സംസ്ഥാനത്തേക്ക് മടങ്ങാൻ കഴിയുന്നില്ലെന്നുമാണ് റിപ്പോർട്ടുകൾ.