ന്യൂഡല്‍ഹി: ലോക്ക് ഡൗൺ നിര്‍ദേശങ്ങൾ ലംഘിച്ച് നിരവധി അതിഥി തൊഴിലാളികൾ ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ തടിച്ചുകൂടി. സ്വന്തം നാട്ടിലേക്ക് കാല്‍നടയായി യാത്ര ചെയ്യുന്നവരാണ് അതിര്‍ത്തി കടക്കണമെന്നാവശ്യവുമായി ഗാസിപൂരില്‍ കൂട്ടം കൂടിയത്. ഇവരോട് ട്രെയിനിലോ ബസിലോ യാത്ര ചെയ്യാൻ ഉത്തർപ്രദേശ് പൊലീസ് ആവശ്യപ്പെട്ടു. പാസില്ലാത്ത ആരെയും സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും സബ് ഇൻസ്പെക്‌ടർ പ്രചന്ദ ത്യാഗി വ്യക്തമാക്കി.
കാല്‍നടയായി യാത്ര ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് ബസ് ഏര്‍പ്പെടുത്തണമെന്ന് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകൾക്കും നിര്‍ദേശം നല്‍കിയിരുന്നതായി ഉത്തർപ്രദേശ് അഡീഷണൽ ഡയറക്‌ടർ ജനറൽ പിവി രാമശാസ്ത്രി പറഞ്ഞു. ശനിയാഴ്‌ച രാവിലെ ഔറിയയിലുണ്ടായ വാഹനാപകത്തെ തുടര്‍ന്നാണ് യുപി സര്‍ക്കാര്‍ ബസ് ഏര്‍പ്പെടുത്താൻ ഉത്തരവിട്ടത്. ഔറിയയില്‍ അതിഥി തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തില്‍പെട്ട് 24 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.