ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി(സിഎഎ)യുടെ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്ന് മാസത്തേക്ക് കൂടി സമയം ആവശ്യപ്പെട്ടു. പാർലമെന്‍റ് ഉപഭരണസമിതിക്ക് മുമ്പിലാണ് കാലാവധി നീട്ടികിട്ടുന്നതിനുള്ള അപേക്ഷ സമർപ്പിച്ചത്. എന്ത് നിയനിർമാണവും ആറുമാസത്തിനുള്ളിൽ രൂപപ്പെടുത്തണമെന്ന് നിയമം അനുശാസിക്കുന്നതിനാൽ കാലതാമസം നേരിടുകയാണെങ്കിൽ രാഷ്ട്രപതിയുടെ സമ്മതമോ നീട്ടികിട്ടുന്നതിനുള്ള അനുമതിയോ ആവശ്യമാണ്.
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ മുസ്ലീം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നത് സംബന്ധിച്ച് എട്ടു മാസം മുമ്പാണ് പാർലമെന്‍റ് നിയമഭേദഗതി കൊണ്ടുവരുന്നത്. ഇത് ഇന്ത്യയുടെ നാനാഭാഗങ്ങളിൽ പ്രതിഷേധത്തിന് കാരണമായി. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയ്‌ക്ക് 2019 ഡിസംബർ 12ന് രാഷ്ട്രപതി അനുമതി നൽകിയിരുന്നു.
നിയമ നിർമാണത്തിനായി കമ്മിറ്റിക്ക് മുമ്പിൽ ഹാജരാക്കിയ അപേക്ഷ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാർസി, ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുക എന്നതാണ് പൗരത്വ നിയമ ഭേദഗതി ലക്ഷ്യമിടുന്നത്.
ഈ രാജ്യങ്ങളിൽ മതപരമായ പീഡനം അനുഭവിച്ച, 2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയ ന്യൂനപക്ഷ ജനങ്ങളെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കാതെ, മറിച്ച് ഇന്ത്യൻ പൗരത്വം നൽകുകയെന്നതാണ് ഭേദഗതി നിയമം വഴി നടപ്പിലാക്കുക. പാർലമെന്‍റ് നിയമം പാസാക്കിയ ശേഷം വ്യാപകമായ പ്രതിഷേധങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
മതത്തിന്‍റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുകയും ഭേദഗതി നിയമം ഭരണഘടനാപരമായി ലംഘനമാണെന്നുമാണ് പ്രതിഷേധക്കാർ വാദിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിനെ ലക്ഷ്യമിട്ടാണെന്നും എതിർവിഭാഗം ആരോപിച്ചു. എന്നാൽ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ ആരോപണങ്ങൾ തള്ളിക്കളയുകയും നിയമ ഭേദഗതി ഒരു ഇന്ത്യക്കാരന്‍റെയും പൗരത്വം നഷ്ടപ്പെടുത്തില്ലെന്നും വിശദീകരിച്ചിരുന്നു.