ന്യൂഡല്‍ഹി: സ്‌ത്രീകളുടെ സുരക്ഷയ്‌ക്കായി പൊലീസ് സ്റ്റേഷനുകളില്‍ സ്‌ത്രീ സഹായ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചു. നിര്‍ഭയ ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷനുകള്‍ സ്‌ത്രീ സൗഹൃദമാക്കുന്നതിനാണ് പദ്ധതി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റേതാണ് നടപടി.
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സ്‌മരണാര്‍ഥമാണ് സ്‌ത്രീകളുടെ സുരക്ഷയ്‌ക്കായി നിര്‍ഭയ ഫണ്ട് രൂപീകരിച്ചത്. ഈ ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകളില്‍ സ്‌ത്രീ സുരക്ഷാ ഡെസ്‌ക്കുകള്‍ ആരംഭിക്കും. അഭിഭാഷകര്‍, മനശാസ്‌ത്ര വിദഗ്‌ധര്‍ തുടങ്ങിയവരടങ്ങുന്ന ഡെസ്‌ക്കിനാണ് രൂപം നല്‍കുക.