ന്യൂഡൽഹി: കശ്‌മീരിൽ നിന്നും ഏകദേശം 7,000 സൈനികരെ പിൻവലിക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഉത്തരവ്. സുരക്ഷാ അവലോകനത്തിന് ശേഷമാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. കേന്ദ്ര സായുധ പൊലീസ് സേനയുടെ 72 കമ്പനികളെയാണ് പഴയ സ്ഥലങ്ങളിലേക്ക് തിരിച്ചയക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശം. ഒരു കമ്പനിയിൽ ഏകദേശം 100 പേരുണ്ടാകും.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതുടർന്ന് സിആർപിഎഫ്, ബിഎസ്‌എഫ്, ഐടിബിപി, സിഐഎസ്‌എഫ്, എസ്‌എസ്‌ബി എന്നീ സേനകൾ ജമ്മു കശ്‌മീരിൽ വിന്യസിച്ചിരിക്കുകയായിരുന്നു. കേന്ദ്ര റിസർവ് പൊലീസ് സേനയുടെ 24 കമ്പനികളും ഉത്തരവ് പ്രകാരം പിൻവലിച്ചു. അതിർത്തി സംരക്ഷണ സേന, കേന്ദ്ര വ്യവസായ സുരക്ഷാ സേന, ഇൻഡോ-ടിബറ്റൻ പൊലീസ് സേന, സശാസ്‌ത്ര സീമാ ബാൽ എന്നിവയുടെ 12 കമ്പനികൾ വീതം തിരിച്ചയച്ചു.