ന്യൂഡൽഹി: ഇന്ത്യയുടെ ജനസംഖ്യയിലെ ഏഴിൽ ഒരാൾക്കും മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് 2017ൽ നടത്തിയ പഠന റിപ്പോർട്ട്. ഇവ പ്രധാനമായും വിഷാദ രോഗമോ അത്യുത്കണ്‌ഠ മൂലമുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളോ ആണെന്നാണ് കണ്ടെത്തൽ. 1990 നും 2017 നും ഇടക്ക് ഇത്തരം മാനസിക വൈകല്യങ്ങളുടെ നിരക്ക് ഇരട്ടിയായി വർധിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
വിഷാദം, ഉത്കണ്‌ഠാ രോഗങ്ങൾ, സ്‌കീസോഫ്രീനിയ, ബൈപോളാർ ഡിസോർഡേഴ്‌സ്, ഇഡിയൊപാത്തിക് ഡവലപ്മെന്‍റൽ ഇന്‍റലക്‌ച്ച്വൽ ഡിസബിലിറ്റി, പെരുമാറ്റ വൈകല്യങ്ങൾ, ഓട്ടിസം എന്നീ രോഗങ്ങൾ മാനസിക തകരാറുകളിൽ ഉൾപ്പെടുന്നു.
2017ലെ കണക്കനുസരിച്ച് 197 ദശലക്ഷം ഇന്ത്യക്കാരാണ് ഇത്തരം തകരാറുകൾ അനുഭവിക്കുന്നത്. ഇതിൽ 46 ദശലക്ഷം ആളുകൾ വിഷാദരോഗത്താലും 45 ദശലക്ഷം ആളുകൾ ഉത്‌കണ്‌ഠാ പ്രശ്‌നങ്ങളാലും ക്ലേശമനുഭവിക്കുന്നു. വിഷാദരോഗത്തിന്‍റെ വ്യാപനം പ്രായമായവരിലാണ് കൂടുതലായും കാണപ്പെടുന്നത്. മുതിർന്നവർ ഏറെയുള്ള ഇന്ത്യയുടെ ജനസംഖ്യ നിരക്കിൽ ഈ കണ്ടെത്തൽ വളരെയധികം സ്വാധീനം ചെലുത്തുന്നു. അതുപോലെ വിഷാദരോഗത്തിന്‍റെ വ്യാപനം ഇന്ത്യയിലെ ആത്മഹത്യാ നിരക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു.
കുട്ടികൾക്ക് ബാല്യത്തിൽ ഉണ്ടാകുന്ന മാനസിക തകരാറുകളായ ഇഡിയൊപാത്തിക് ഡവലപ്മെന്‍റൽ ഇന്‍റലക്‌ച്ച്വൽ ഡിസബിലിറ്റി, പെരുമാറ്റ വൈകല്യങ്ങൾ, ഓട്ടിസം എന്നിവ ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ കൂടുതലാണെങ്കിലും ഇന്ത്യയിലുടനീളം ഇത്തരം രോഗങ്ങളുടെ നിരക്ക് താരതമ്യേന കുറവാണ്.
കണക്കുകൾ പ്രകാരം വിഷാദ രോഗം, ഉത്കണ്‌ഠാ പ്രശ്‌നങ്ങൾ, ഭക്ഷണ ക്രമക്കേടുകൾ തുടങ്ങിയ പ്രശ്‌നങ്ങൾ പൊതുവെ കൂടുതലായും കാണപ്പെടുന്നത് സ്ത്രീകളിലാണെന്നും എന്നാൽ പെരുമാറ്റ വൈകല്യങ്ങൾ, ഓട്ടിസം സ്‌പെക്‌ട്രം തകരാറുകൾ, അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്‌ടിവിറ്റി എന്നീ രോഗങ്ങളുടെ വ്യാപനം കൂടുതലായും കാണപ്പെടുന്നത് പുരുഷന്മാരിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.