ലഖ്‌നൗ: ആർത്തവ ശുചിത്വ ദിനത്തോടനുബന്ധിച്ച് സാനിറ്ററി പാഡുകൾ വിതരണം ചെയ്ത് ഇന്ത്യൻ റെയിൽവേയിലെ ഒരു കൂട്ടം വനിതാ ജീവനക്കാർ. മൊറാദാബാദ് റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോയ ശ്രമിക് ട്രെയിനുകളിലെ വനിതാ യാത്രകാർക്കാണ് സാനിറ്ററി പാഡുകൾ വിതരണം ചെയ്തത്. സ്ത്രീകളിൽ ആർത്തവ ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് റെയിൽവേ ഇത്തരത്തിൽ ഒരു ആശയം സ്വീകരിച്ചത്.
ശ്രമിക് ട്രെയിനുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് വനിതാ ജീവനക്കാരെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും വ്യാഴാഴ്ച പ്രത്യേക ട്രെയിനുകളിൽ യാത്ര ചെയ്യുന്ന എല്ലാ വനിതാ യാത്രക്കാർക്കും സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്യുമെന്നും ഇന്ത്യൻ റെയിൽവെയിലെ ഉദ്യോഗസ്ഥരേഖ ശർമ്മ പറഞ്ഞു.
ആർത്തവത്തെ കുറിച്ചും ആർത്തവ ശുചിത്വത്തെ കുറിച്ചും ബോധവൽകരിക്കേണ്ടത് വളരെ പ്രാധാന്യം അർഹിക്കുന്ന വിഷയമാണെന്ന് റെയിൽവേ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുഷമ രതി പറഞ്ഞു.