ഷില്ലോങ്: രണ്ട് കൊവിഡ് 19 ടെസ്റ്റിങ് യൂണിറ്റുകൾ കൂടി വേണമെന്ന് ആവശ്യപെട്ട് മേഘാലയ സർക്കാർ. ആരോഗ്രമന്ത്രി എഎല്‍ ഹേക് വീഡിയോ കോണ്‍ഫറന്‍സിലൂടെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധനോടാണ് ഇക്കാര്യം ആവശ്യപെട്ടത്. തങ്ങളുടെ ആവശ്യം കേന്ദ്രം പരിഗണിക്കുമെന്ന ഉറപ്പുലഭിച്ചതായി ഹേക് പറഞ്ഞു.
നിലവില്‍ ഒരാൾ കൊവിഡ് ബാധിച്ച് മരിക്കുകയും 11 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്‌തു. സംസ്ഥാനത്ത് ഇതേവരെ ഒരു കൊവിഡ് പരിശോധനാ കേന്ദ്രം മാത്രമാണ് ഉള്ളത്. നോർത്ത് ഈസ്‌റ്റേണ്‍ ഇന്ദിരാഗാന്ധി റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍റ് മെഡിക്കല്‍ സയന്‍സിലാണ് സൗകര്യമുള്ളത്. ഇവിടെ പ്രതിദിനം 100 ടെസ്റ്റുകൾ നടത്താനുള്ള സൗകര്യമാണ് ഉള്ളത്. ഒരു കൊവിഡ് ടെസ്റ്റിങ് യൂണിറ്റ് കൂടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥാപിക്കുമെന്ന് നേരത്തെ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. ഇത് സ്ഥാപിക്കുന്നതോടെ പ്രതിദിനം 180 ടെസ്റ്റുകൾ സംസ്ഥാനത്ത് നടത്താന്‍ സൗകര്യമുണ്ടാകും. അതേസമയം കൊവഡ് പ്രതിരോധത്തിന് ആരോഗ്യരംഗം പൂർണമായും സജ്ജമാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഹേക് കൂട്ടിച്ചേർത്തു.