ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനിടെ നടന്ന സമരങ്ങള്‍ക്കിടെ പ്രതിഷേധക്കാരോട് പാകിസ്ഥാനിലേ പോകാന്‍ ആവശ്യപ്പെട്ട മീററ്റ് എസ്.പിക്കെതിരെ നടപടിയാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. എസ്.പിയുടെ വീഡിയോ വൈറലായിരുന്നു.
ഇന്ത്യന്‍ വിരുദ്ധ മുദ്രാവാക്യങ്ങളും സംഭവസ്ഥലത്ത് പ്രതിഷേധക്കാര്‍ ഉന്നയിച്ചിരുന്നെന്നും ആവശ്യമുളളവര്‍ക്ക് പാകിസ്ഥാനില്‍ പോകാമെന്നും കല്ലെറിയുന്നത് നിര്‍ത്താനുമാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെന്ന് സംഭവത്തെ ന്യായീകരിച്ച് മീററ്റ് എ.ഡി.ജി പ്രശാന്ത് കുമാര്‍ രംഗത്ത് എത്തിയിരുന്നു.
പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ ആളുകള്‍ക്കെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങള്‍ അസ്വീകാര്യമെന്ന് നഖ്‌വി വിശേഷിപ്പിച്ചു.'അക്രമം' അത് പൊലീസോ ജനക്കൂട്ടമോ ചെയ്തതാണെങ്കിലും ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാക്കാന്‍ കഴിയില്ല, നിരപരാധികളെ അക്രമത്തിനും ക്രൂരതയ്ക്കും വിധേയമാക്കരുതെന്ന് പൊലീസും ഭരണകൂടവും ഓര്‍മിക്കേണ്ടതാണെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു.
പ്രിയങ്ക ഗാന്ധി, മാധ്യമപ്രവര്‍ത്തകര്‍, മറ്റ് പൗരന്മാര്‍ എന്നിവരുള്‍പ്പെടെ നിരവധി നേതാക്കള്‍ മീററ്റ് പൊലീസുകാരന്‍റെ പെരുമാറ്റത്തെയും പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് അതിക്രമങ്ങളെയും അപലപിച്ചു.