ഭോപ്പാല്‍: സര്‍ദാര്‍ സരോവര്‍ ഡാം പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെട്ടരുടെ പുനരധിവാസത്തിനായി നര്‍മദാ ബച്ചാവോ ആന്തോളന്‍ നേതാവ് മേധാ പട്‌കർ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ പ്രതിനിധിയായും മുന്‍ ചീഫ് സെക്രട്ടറി എസ് സി ബെഹറുമായും നടത്തിയ ചർച്ചയെ തുടർന്നാണ് ഒൻപത് ദിവസമായി തുടർന്ന സമരം അവസാനിപ്പിച്ചത്. മേധാ പട്‌കറിന്‍റെ നേതൃത്വത്തിലുള്ള എൻബിഎ നേതാക്കൾ ഈമാസം നർമദ വാലി ഡെവലപ്‌മെന്‍റ് അതോറിറ്റി (എൻവിഡിഎ) ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെയാണ് പ്രളയം ബാധിച്ചിരുന്നത്. ഇവര്‍ക്ക് താമസ സൗകര്യങ്ങള്‍ ഒരുക്കണമെന്നും പുനരധിവാസം പൂര്‍ത്തിയാകും വരെ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നുവക്കണമെന്നും ആവശ്യപ്പെട്ട് ഓഗസ്റ്റ് 25നാണ് മേധാ പട്‌കർ നിരാഹാര സമരം ആരംഭിച്ചത്. ആറോളം ഗ്രാമവാസികള്‍ മേധാ പട്‌കറിനൊപ്പം ബര്‍വാനി ജില്ലയിലെ ഛോട്ടാ ബര്‍ദയിലെ സമരപ്പന്തലില്‍ നിരാഹാരം അനുഷ്ഠിച്ചിരുന്നു. ഇവരും സമരം അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.