ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആല്‍വാർ കൂട്ടനലാത്സംഗത്തിന്‍റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഎസ്പി നേതാവ് മായാവതിയും തമ്മിലുള്ള വാക്പോര് മുറുകുന്നു. ആല്‍വാര്‍ ബലാത്സംഗക്കേസില്‍ മായാവതിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അനുകൂലിക്കുന്ന മായാവതി മുതലക്കണ്ണീരൊഴുക്കുകയാണെന്ന് മോദി ആരോപിച്ചു. സംഭവത്തെ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിന് നല്‍കിയ പിന്തുണ പിന്‍വലിക്കാനും മോദി മായാവതിയെ വെല്ലുവിളിച്ചിരുന്നു.
എന്നാല്‍ മണിക്കൂറുകൾക്കകം തന്നെ മോദിക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി മായാവതി രംഗത്തെത്തി. കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെൺകുട്ടിയുടെ ജീവിതം വച്ച് മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും മായാവതി ആരോപിച്ചു. മോദിയുടെ അടുത്ത് ബിജെപി നേതാക്കൾ പോകുന്നതിനെ ഭാര്യമാർ ഭയക്കുന്നു. മോദിയുടെ വഴിയേ തങ്ങളെയും ഭർത്താക്കന്‍മാര്‍ ഉപേക്ഷിക്കുമോ എന്നാണ് ഭാര്യമാരുടെ പേടിയെന്നും മായാവതി ആരോപിച്ചു. മുമ്പ് ദളിതർക്ക് നേരെ നടത്തിയ അതിക്രമങ്ങളുടെ പേരില്‍ മോദി രാജി വെക്കണമെന്നും ആല്‍വാർ സംഭവത്തില്‍ നീതി ലഭിച്ചില്ലെങ്കില്‍ ബി.എസ്.പി കൃത്യമായ രാഷ്ട്രീയ തീരുമാനം കൈക്കോള്ളുമെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍ 26നായിരുന്നു ആല്‍വാറില്‍ ഭർത്താവിനെ മർദിച്ചവശനാക്കി ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ഭർത്താവ് അന്ന് തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തത് മേയ് രണ്ടിനാണ്.